പിന്നാക്ക വിഭാഗങ്ങളെ സര്‍ക്കാര്‍ ക്രൂരമായി അവഗണിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ പറഞ്ഞു. സര്‍ക്കാര്‍ ജോലികളില്‍ പോലും അവസരം നല്‍കുന്നില്ല. ധനമന്ത്രി ഹല്‍വ തയ്യാറാക്കുന്നതിന്റെ ഫോട്ടോയാണ് രാഹുല്‍ ഗാന്ധി സഭയിലുയര്‍ത്തി കാട്ടിയത്. സഭയില്‍ ഫോട്ടോ ഉയര്‍ത്തി കാട്ടരുതെന്ന സ്പീക്കറുടെ നിയന്ത്രണങ്ങളെ മറികടന്നാണ് രാഹുല്‍ ഫോട്ടോ പ്രദര്‍ശിപ്പിച്ചത്. ആ ഫോട്ടോയില്‍ പിന്നാക്ക വിഭാഗക്കാരായ ഒരു ഉദ്യോഗസ്ഥര്‍ പോലുമില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള ആരുമില്ല. ബജറ്റില്‍ ജാതിയുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തങ്ങള്‍ക്ക് എന്തുണ്ടെന്ന് പിന്നാക്ക വിഭാഗക്കാര്‍ ചോദിക്കുന്നു. വെറും തമാശയല്ല പറയുന്നതെന്നും, ഗുരുതരമായ വിഷയമാണെന്നും രാഹുല്‍ വ്യക്തമാക്കി.
ചക്രവ്യൂഹത്തിന്റെ പാരമ്പര്യമല്ല ഭാരതത്തിന്റേത്. നിങ്ങള്‍ക്ക് ഹിന്ദു ധര്‍മ്മത്തെ കുറിച്ചറിയില്ല. നിങ്ങള്‍ ചക്രവ്യൂഹം ഉണ്ടാക്കുന്നവരാണ്. ആരേയും അപമാനിക്കാനല്ല സംസാരിക്കുന്നത്. ചക്രവ്യൂഹത്തിന്റെ മധ്യഭാഗം നിയന്ത്രിക്കുന്നത് 6 പേരാണ്. മോദി, അമിത് ഷാ, മോഹന്‍ ഭാഗവത്, അജിത് ഡോവല്‍, അദാനി, അംബാനി എന്നിവരാണെന്നും രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രിയെ മറ്റ് മന്ത്രിമാര്‍ക്ക് ഭയമാണ്. ഈ ഭയം വകുപ്പുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. രാജ്യത്തിന്റേത് ചക്രവ്യൂഹത്തില്‍പ്പെട്ട അഭിമന്യുവിന്റെ അവസ്ഥയെന്നും രാഹുല്‍ പറഞ്ഞു.
തുടര്‍ന്ന് രാഹുലിന്റെ പ്രസംഗത്തില്‍ സ്പീക്കര്‍ ഇടപെട്ടു. സദസിന്റെ മാന്യത കാത്ത് സൂക്ഷിച്ച് സംസാരിക്കണമെന്ന് രാഹുല്‍ ഗാന്ധിക്ക് സ്പീക്കര്‍ താക്കീത് നല്‍കി. ചക്രവ്യൂഹത്തെ ഉദാഹരിച്ച് ബജറ്റിനെ കുറിച്ച് സംസാരിക്കാമെന്ന് രാഹുല്‍ ഗാന്ധി മറുപടിയായി പറഞ്ഞു. സമ്പദ് ശക്തി, അന്വേഷണ ഏജന്‍സികള്‍, രാഷ്ട്രീയ അധികാരം എന്നിവയാണ് ചക്രവ്യൂഹത്തെ നിയന്ത്രിച്ചിരുന്ന ശക്തികള്‍. ചക്രവ്യൂഹത്തിന്റെ ശക്തിയെ പക്ഷേ ഗുരുതരമായ പല വിഷയങ്ങളും ബാധിച്ചിരിക്കുന്നു. തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളാണവ. തൊഴിലില്ലായ്മ പരിഹരിക്കാന്‍ യുവാക്കള്‍ക്കായി ബജറ്റില്‍ എന്തുണ്ടെന്ന് ധനമന്ത്രിയോട് രാഹുല്‍ ചോദിച്ചു.
വ്യക്തിപരമായി ആരേയും അധിക്ഷേപിക്കരുതെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിന് സ്പീക്കര്‍ നല്‍കിയ മറുപടി. കര്‍ഷകര്‍ക്ക് എന്ത് ഗ്യാരണ്ടി നല്‍കുന്നു എന്ന് ചോദിച്ച രാഹുല്‍ ഗാന്ധി നിങ്ങള്‍ക്ക് പറ്റുന്നില്ലെങ്കില്‍ ഇന്ത്യാസഖ്യത്തിന് അവസരം നല്‍കൂ എന്നും അഭിപ്രായപ്പെട്ടു. താങ്ങ് വില നിയമ വിധേയമാക്കണം. കൊവിഡ് കാലത്ത് പാത്രം കൊട്ടാനാണ് മധ്യവര്‍ഗത്തോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. പിന്നീട് മൊബൈല്‍ ഫോണ്‍ തെളിക്കാന്‍ പറഞ്ഞു. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴായിരുന്നു ഈ നിര്‍ദേശങ്ങള്‍ എന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റെ ചക്രവ്യൂഹം ഭേദിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് പറഞ്ഞതിനെ തുടര്‍ന്ന് വീണ്ടും സ്പീക്കറുടെ ഇടപെടലുണ്ടായി. പ്രതിപക്ഷ നേതാവാണ് താങ്കളെന്ന് രാഹുലിനോട് സ്പീക്കര്‍ പറഞ്ഞു. സഭയുടെ അന്തസ് അനുസരിച്ച് സംസാരിക്കേണ്ടത് അങ്ങയുടെ ഉത്തരവാദിത്തമാണെന്നും സ്പീക്കര്‍ ഓര്‍മിപ്പിച്ചു. എന്നാല്‍ അമിത് ഷാ സംസാരിക്കുമ്പോള്‍ ഇതുപോലെ ഇടപെടുമോയെന്ന് സ്പീക്കറോട് കെ.സി വേണുഗോപാല്‍ ചോദിച്ചു.
പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു നിയമം പാലിച്ച് സംസാരിക്കണമെന്ന് രാഹുലിനോട് കയര്‍ത്ത് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ വാക്കേറ്റമുണ്ടായി. അദാനിയേയും അംബാനിയേയും എ വണ്‍, എ ടുഎന്നാണ് പരിഹാസരൂപേണ രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്. എ വണ്ണിനേയും എ ടുവിനെയും വിമര്‍ശിച്ചത് കിരണ്‍ റിജിജുവിന് പിടിച്ചില്ലെന്ന രാഹുലിന്റെ വാക്കുകള്‍ക്ക്, സഭക്ക് ചില കീഴ് വഴക്കങ്ങളുണ്ടെന്ന് കിരണ്‍ റിജിജു ഓര്‍മ്മിപ്പിച്ചു.
CONTENT NHIGHLIGHTS; India’s is not a legacy of the wheel system: caste is in the budget; Rahul Gandhi gave a great speech in Parliament