ന്യൂഡല്‍ഹി: മനു ഭാക്കറിന്റെ പരിശീലനത്തിനായി ഏകദേശം രണ്ടു കോടി രൂപയാണ് ചെലവഴിച്ചതെന്ന് കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യ. പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ മനു ഭാക്കര്‍ വെടിവച്ചിട്ടതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വാർത്താ ഏജൻസി എഎന്‍ഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മനുവിനെ ജര്‍മനിയിലേക്കും സ്വിറ്റ്‌സര്‍ലന്‍ഡിലേക്കും പരിശീലനത്തിനായി അയച്ചെന്ന് പറഞ്ഞ മന്ത്രി ഇത്തവണത്തെ ഒളിമ്പിക്‌സില്‍ മറ്റ് അത്‌ലറ്റുകളും മികച്ച പ്രകടനം പുറത്തെടുക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു.
”മനു ഭാക്കറിന്റെ പരിശീലനത്തിനായി ഏകദേശം രണ്ടു കോടി രൂപയാണ് ചിലവഴിച്ചത്. പരിശീലനത്തിനായി അവരെ ജര്‍മനിയിലേക്കും സ്വിറ്റ്‌സര്‍ലന്‍ഡിലേക്കും അയച്ചു. അവര്‍ക്ക് ആവശ്യമുള്ള പരിശീലകനെ നിയമിക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായവും നല്‍കി. എല്ലാ കായികതാരങ്ങള്‍ക്കും ഞങ്ങള്‍ ഈ ഇക്കോസിസ്റ്റം നല്‍കുന്നു. അതുവഴി അവര്‍ ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. പാരീസ് ഒളിമ്പിക്സിലും നമ്മുടെ അത്ലറ്റുകള്‍ മികച്ച പ്രകടനം നടത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹരിയാണയിലെ ജജ്ജാര്‍ സ്വദേശിയായ 22-കാരി മനു ഭാക്കര്‍ 2018 കോമണ്‍വെല്‍ത്ത് ഗെയിംസിലും ഷൂട്ടിങ് ലോകകപ്പിലും സ്വര്‍ണജേതാവായിരുന്നു. 2018-ല്‍ നടന്ന അന്താരാഷ്ട്ര ഷൂട്ടിങ് സ്‌പോര്‍ട്ട് ഫെഡറേഷന്റെ ഷൂട്ടിങ് ലോകകപ്പില്‍ സ്വര്‍ണം നേടിയതോടെ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ സുവര്‍ണനേട്ടം സ്വന്തമാക്കുന്ന താരവുമായി. 2020-ല്‍ കായിരംഗത്തെ തിളക്കത്തിന് അര്‍ജുനഅവാര്‍ഡും തേടിയെത്തി.
content highlight: government-spends-rs-2-crore-on-manu-bhaker-training