റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന് യുക്രൈനെതിരെ യുദ്ധത്തില്‍ പങ്കെടുത്ത ഹരിയാന സ്വദേശി കൊല്ലപ്പെട്ടെന്ന് കുടുംബം. കൈത്താല്‍ ജില്ലയിലെ മാത്തൂര്‍ ഗ്രാമത്തിലുള്ള രവി മൗണ്‍(22) ആണ് മരിച്ചത്. മോസ്‌കോയിലെ ഇന്ത്യന്‍ എംബസി മരണം സ്ഥിരീകരിച്ചതായി സഹോദരന്‍ അജയ് മൗണ്‍ പറഞ്ഞു. ജനുവരി 13ന് റഷ്യയിലേക്ക് മറ്റൊരു ജോലിക്കായി പോയ രവിയെ യുക്രൈയിനെതിരെയുള്ള യുദ്ധത്തിനായി സൈന്യത്തില്‍ ചേര്‍ക്കുകയായിരുന്നു. സഹോദരനെകുറിച്ച് വിവരമൊന്നും ഇല്ലാതായതോടെ ജൂലായ് 21ന് അജയ് ഇന്ത്യന്‍ എംബസിക്ക് കത്തയച്ചു.
അപ്പോഴാണ് മരണവിവരം എംബസി അധികൃതര്‍ അറിയിച്ചതെന്ന് അജയ് പറയുന്നു. യുക്രൈനെതിരെ യുദ്ധമുഖത്തേക്ക് പോകണമെന്നും അല്ലെങ്കില്‍ 10 വര്‍ഷത്തെ തടവ് അനുഭവിക്കണമെന്നും റഷ്യന്‍സേന സഹോദരനെ ഭീഷണിപ്പെടുത്തിയെന്ന് അജയ് പറഞ്ഞു. കിടങ്ങുകള്‍ കുഴിക്കാന്‍ പരിശീലിപ്പിക്കുകയും പിന്നീട് യുദ്ധമുഖത്തേക്ക് അയക്കുകയും ചെയ്തു. മാര്‍ച്ച് 12 വരെ രവിയുമായി ബന്ധപ്പെട്ടിരുന്നെങ്കിലും സഹോദരന്‍ അസ്വസ്ഥനായിരുന്നുവെന്നും അജയ് പറഞ്ഞു.
മരണം സ്ഥീരീകരിക്കാനും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും റഷ്യന്‍ അധികൃതരോട് അഭ്യര്‍ഥിച്ചെന്ന് അജയിയുടെ കത്തിന് ഇന്ത്യന്‍ എംബസി മറുപടി നല്‍കി. സഹോദരന്റെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാന്‍ സഹായിക്കണമെന്ന് പ്രധാനമന്ത്രിയോടും അജയ് അഭ്യര്‍ഥിച്ചു.
CONTENT HIGHLIGHTS; Russia-Ukraine war: Indian dead; Family forced to fight