കൊല്ലം: കൊല്ലം പള്ളിമുക്കിൽ ഗർഭിണിയായ കുതിരയെ ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കൊട്ടിയം പറക്കുളം സ്വദേശി അൽഅമീൻ ആണ് അറസ്റ്റിലായത്. 3 ക്രിമിനൽ കേസുകളിൽ പ്രതിയാണ് അൽഅമീൻ. സംഭവത്തിലെ മറ്റ് പ്രതികൾ ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി. പ്രതികൾക്കായി അന്വേഷണം തുടരുന്നതായി ഇരവിപുരം പൊലീസ് അറിയിച്ചു.
കുതിരയുടെ ഉടമ ഷാനവാസിന്റെ പരാതിയിലാണ് കേസെടുത്തത്. പ്രതികളെ തിരിച്ചറിഞ്ഞതായി കഴിഞ്ഞ ദിവസം പൊലീസ് പറഞ്ഞിരുന്നു. ക്രിമിനൽ കേസുകളിൽ അടക്കം ഉൾപ്പെട്ടവരാണ് പ്രതികളെന്നും ഇരവിപുരം പൊലീസ് അറിയിച്ചു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അക്രമികളില്‍ മൂന്നുപേരെ പൊലീസ് തിരിച്ചറിഞ്ഞത്. ക്രിമിനൽ കേസുകളിൽ അടക്കം ഉൾപ്പെട്ടവർ ചേർന്നാണ് കുതിരയെ ആക്രമിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
ഗര്‍ഭിണിയായ കുതിരയെ ഒരു സംഘം യുവാക്കള്‍ തെങ്ങില്‍ കെട്ടിയിട്ട് വളഞ്ഞിട്ട് തല്ലുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. കാറിലും സ്കൂട്ടറിലുമായെത്തിയ ഒരു സംഘം ചെറുപ്പക്കാർ നീണ്ട വടിയുപയോഗിച്ച് കുതിരയെ മർദിക്കുകയായിരുന്നു. ഒരാൾ കുതിരയെ കയറിൽ പിടിച്ച് കെട്ടിയിരുന്ന തെങ്ങിനോടു ചേർത്ത് അനങ്ങാനാകാത്തവിധം നിർത്തുകയും മറ്റുള്ളവർ വടികൊണ്ടും കൈകാലുകൾകൊണ്ടും അടിക്കുകയുമായിരുന്നു. കുതിരയെ അഴിച്ചുമാറ്റി നിർത്തിയും ഏറെനേരം മർദനം തുടർന്നു. സംഘത്തിലൊരാൾ കാൽമുട്ട് മടക്കി തുടർച്ചയായി കുതിരയുടെ നെഞ്ചിൽ തൊഴിക്കുന്നതും കാണാം.
സംഭവത്തില്‍ കുതിരയുടെ ഉടമ ഷാനവാസ് ഇരവിപുരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. അയത്തിൽ തെക്കേകാവ് ക്ഷേത്രത്തിന് സമീപത്തെ പറമ്പിൽ കെട്ടിയിരുന്ന കുതിരയാണ് കണ്ണില്ലാത്ത ക്രൂരതയ്ക്ക് ഇരയായത്. കുതിരയുടെ കാലുകളിലും കണ്ണിന് സമീപവും പരിക്കും ദേഹമാകെ അടിയേറ്റ് നീരുമുണ്ടായിരുന്നു.
പരിക്കേറ്റ കുതിരയെ ജില്ലാ മൃഗാശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയിരുന്നു. തേവള്ളി ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ കുതിരയുടെ നെഞ്ചിലും കാലുകളിലും നീർക്കെട്ട് രൂപപ്പെട്ടതായി കണ്ടെത്തി. അഞ്ച് ദിവസം മുമ്പാണ് കുതിരയെ ഗുജറാത്തിൽ നിന്ന് വാങ്ങിച്ചത്.