കൊച്ചി: വടകരയിലെ വ്യാജ കാഫിർ സ്ക്രീൻഷോട്ട് വിവാദവുമായി ബന്ധപ്പെട്ട കേസിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതിയുടെ നിർദേശം. വടകര പൊലീസ് ഇൻസ്പെക്ടർക്കാണ് കോടതി നിർദേശം നല്‍കിയിരിക്കുന്നത്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിൻ്റേതാണ് നിര്‍ദ്ദേശം. കേസ് ഡയറി ഓഗസ്റ്റ് 12-ന് മുന്‍പ് ഹാജരാക്കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
മുസ്ലിം ലീഗ് പ്രവർത്തകൻ പി കെ ഖാസിമാണ് വടകരയിലെ ‘കാഫിർ’ സ്ക്രീൻ ഷോട്ട് വിവാദത്തിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത്. യുഡിഎഫ് നേതാക്കളും നേരത്തെ കാഫിർ’ സ്ക്രീൻ ഷോട്ട് വിവാദത്തിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരുന്നു. വടകര പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിൽ പികെ ഖാസിമിന് എതിരെ സംഭവത്തില്‍ പ്രഥമദൃഷ്ട്യാ തെളിവില്ലെന്നാണ് റിപ്പോര്‍ട്ട്.
ഷാഫി പറമ്പിലിനെ അഞ്ച് നേരം നിസ്കരിക്കുന്ന ദീനിയായ മുസ്ലിമായും കെ കെ ശൈലജയെ കാഫിറായും ചിത്രീകരിച്ചുള്ള സ്ക്രീന്‍ ഷോട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാസിമിന്‍റെ പേരിലാണ് പുറത്തിറങ്ങിയതെങ്കിലും ഇതുവരെയുള്ള അന്വേഷണത്തില്‍ കാസിമിനെതിരെ യാതൊരു തെളിവും കിട്ടിയിട്ടില്ലെന്നാണ് വടകര പൊലീസ് കഴിഞ്ഞ മാസം ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഈ സ്ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച അമ്പാടി മുക്ക് സഖാക്കള്‍, പോരാളി ഷാജി തുടങ്ങിയ സമൂഹ മാധ്യമ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകുകയാണെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു. കുറ്റ്യാടി മുന്‍ എംഎല്‍എയും സിപിഎം സംസ്ഥാന സമിതി അംഗവുമായ കെ കെ ലതികയുടെ മൊഴി എടുത്തതായും ഫോണ്‍ പരിശോധിച്ചതായും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്.
ഓഗസ്റ്റ് 12ന് ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും. സംഭവവുമായി ബന്ധപ്പെട്ട് വടകര പൊലീസിൽ ഏപ്രിൽ 25ന് പരാതി നൽകിയിട്ടും നടപടിയെടുത്തില്ല. സിപിഐഎം കേന്ദ്രങ്ങൾ വ്യാജമായി നിർമ്മിച്ച സ്ക്രീൻഷോട്ടുകളുടെ പേരിൽ കെ കെ ശൈലജ ഉന്നയിച്ച കാഫിർ പ്രയോഗം തരംതാഴ്ന്നതും വർഗീയവാദിയായി ചിത്രീകരിക്കുന്നത് സുഖകരമല്ലെന്നും വടകര എം പി ഷാഫി പറമ്പിലും നേരത്തെ പ്രതികരിച്ചിരുന്നു.