ന്യൂഡല്‍ഹി: പതഞ്ജലി ആയുര്‍വേദ് സ്ഥാപകന്‍ ബാബാ രാംദേവിന് വീണ്ടും തിരിച്ചടി. ആധുനിക വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാരാണ് കോവിഡ്-19 മഹാമാരിയെ തുടര്‍ന്നുണ്ടായ മരണങ്ങള്‍ക്ക് ഉത്തരവാദികള്‍ എന്ന പരാമര്‍ശം പിന്‍വലിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു. എയിംസിലെ റെസിഡന്റ് ഡോക്ടര്‍മാരുടെ സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ്ഇടക്കാല ഉത്തരവ്. പതഞ്ജലിയുടെ ‘കൊറോനില്‍’ എന്ന ഉത്പന്നത്തെ കോവിഡിന്റെ മരുന്നെന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് രാംദേവ് ഡോക്ടര്‍മാരെ കുറ്റപ്പെടുത്തിക്കൊണ്ട് ട്വീറ്റ് ചെയ്തത്.
‘കൊറോണിൽ’ എന്ന ഉൽപ്പന്നം കൊവിഡ് 19 നുള്ള മരുന്നാണ് എന്ന അവകാശവാദങ്ങൾ മൂന്ന് ദിവസത്തിനകം പിൻവലിക്കാൻ സ്ഥാപകനായ ബാബാ രാംദേവിനോടും ചെയർമാനായ ബാലകൃഷ്ണയോടും ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു . കോവിഡ് പകർച്ചവ്യാധിയുടെ കാലത്ത് പതഞ്ജലി ബ്രാൻഡിന് കീഴിൽ പുറത്തിറക്കിയ ‘കൊറോണിൽ’ , ഇനി കമ്പനിക്ക് കോവിഡ് -19 ന്റെ ‘മരുന്നായി’ വിൽക്കാൻ കഴിയില്ല. പതഞ്ജലി ഉൽപ്പന്നങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള സൂക്ഷ്മപരിശോധനയ്ക്കിടയിലാണ് ഈ നിയമ നടപടി.
‘കൊറോണിൽ’ കോവിഡ് -19 നുള്ള’മരുന്ന്’ ആണെന്നും പ്രതിരോധശേഷി വർധിപ്പിക്കുന്നത് മാത്രമല്ലെന്നും പരസ്യമായി അവകാശപ്പെടുന്ന ബാബ രാംദേവിന്റെ പ്രസ്താവനകൾ പിൻവലിക്കാനാണ് ഡല്‍ഹി ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഡോക്ടര്‍മാര്‍ക്കെതിരായ പരാമര്‍ശമുള്ള ട്വീറ്റുകള്‍ മൂന്ന് ദിവസത്തിനകം പിന്‍വലിക്കണം. ട്വീറ്റുകള്‍ പിന്‍വലിക്കാന്‍ അവര്‍ തയ്യാറാകുന്നില്ലെങ്കില്‍ സാമൂഹിക മാധ്യമ കമ്പനികള്‍ അവ നീക്കം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്ന് രാംദേവിനേയും കൂട്ടാളി ആചാര്യ ബാലകൃഷ്ണയേയും പതഞ്ജലി ആയുര്‍വേദിനേയും കോടതി വിലക്കി.
രാംദേവ്, ബാലകൃഷ്ണ, പതഞ്ജലി ആയുർവേദ എന്നിവർക്കെതിരെ 2021-ൽ നിരവധി ഡോക്ടർമാരുടെ സംഘടനകൾ നൽകിയ കേസിന്റെ ഭാഗമായുള്ള ഹർജിയിലാണ് ഡൽഹി ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്. കോവിഡ് 19 നുള്ള ബദൽ ചികിത്സയാണെന്ന് അവകാശപ്പെടുന്ന ‘കൊറോണിൽ’ ഉൾപ്പെടെ രാംദേവിന്റെ ഉൽപ്പന്നങ്ങളുടെ വിൽപ്പന തുടരാൻ തെറ്റായ പ്രചാരണവും വിപണന തന്ത്രവും നടത്തിയെന്ന് ഡോക്ടർമാരുടെ സംഘടനകൾ ആരോപിച്ചിരുന്നു.