കോഴിക്കോട്: സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ വയനാട്ടിൽ ബാണാസുരസാഗർ അണക്കെട്ട് തുറക്കും. പ്രദേശവാസികളും അണക്കെട്ടിന്‍റെ ബഹിര്‍ഗമന പാതയിലുള്ളവരും പുഴയോരത്തും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ല കലക്ടര്‍ അറിയിച്ചു.
സെക്കന്‍ഡില്‍ 8.5 ക്യൂബിക് മീറ്റര്‍ ജലമാണ് അണക്കെട്ടില്‍ നിന്നും പുറത്തേക്ക് ഒഴുക്കിക്കളയുക. ഘട്ടം ഘട്ടമായി സെക്കന്‍ഡില്‍ 35 ക്യൂബിക് മീറ്റര്‍ വരെ വെള്ളം സ്പില്‍ വേ ഷട്ടര്‍ തുറന്ന് ഒഴുക്കികളയും. അണക്കെട്ടിന്‍റെ സംഭരണശേഷി 773.50 മീറ്ററില്‍ എത്തുന്നതോടെയാണ് അധികജലം ഷട്ടര്‍ തുറന്ന് പുറത്തേക്ക് ഒഴുക്കിക്കളയുന്നത്. മഴ കനത്തതോടെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കും അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറക്കുക. മുന്‍കരുതലുകളെടുക്കാന്‍ അധികൃതര്‍ക്ക് ജില്ല കലക്ടര്‍ നിർദേശം നല്‍കി.
കക്കയം ഡാമിൽ ജലനിരപ്പ് ഉയരുന്ന് 756.62 മീറ്ററിലെത്തി. ഇതിനേ തുടർന്ന് ഡാമിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 757.50 മീറ്ററിൽ എത്തിയാൽ റെഡ് അലേർട്ട് പ്രഖ്യാപിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ജലനിരപ്പ് വീണ്ടും ഉയർന്നാൽ ഏതു സമയത്തും ഡാമിന്റെ ഷട്ടറുകൾ തുറക്കാനും സാധ്യതയുണ്ട്.