കൊച്ചി: കൊല്ലം ഓയൂരിൽനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നാംപ്രതി അനുപമ പദ്മകുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ബെംഗളുരുവിൽ എൽ.എൽ.ബി കോഴ്സിന് ചേരാനായി ജാമ്യം അനുവദിക്കണമെന്നായിരുന്നു അനുപമയുടെ ആവശ്യം.
മൂന്നാം പ്രതിയായ അനുപമയാണ് കേസിലെ പ്രധാന ആസൂത്രകയെന്ന് വാദിച്ച് ജാമ്യാപേക്ഷയെ സർക്കാർ അഭിഭാഷകൻ എതിർത്തെങ്കിലും പഠനാവശ്യം പരിഗണിച്ച് കർശന ഉപാധികളോടെ ജസ്റ്റിസ് സി.എസ്.ഡയസ്സിന്റെ ബെഞ്ച് ജാമ്യം അനുവദിക്കുകയായിരുന്നു. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. എല്ലാ മാസവും മൂന്നാം ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം, മറ്റാവശ്യങ്ങൾക്ക് കൊല്ലം ജില്ലയിൽ പ്രവേശിക്കരുത് തുടങ്ങിയവയാണ് വ്യവസ്ഥകൾ.
കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെതുടർന്നാണ് അനുപമ ഹൈക്കോടതിയെ സമീപിച്ചത്. നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലാണ് അനുപമ.
കഴിഞ്ഞ വർഷം നവംബറിലാണ് ഓയൂരിലെ ഓട്ടുമലയിൽ നിന്ന് ആറു വയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട പ്രതികൾ തൊട്ടടുത്ത ദിവസം പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിക്കുയായിരുന്നു.
ഡിസംബർ ഒന്നിന് തമിഴ്നാട്ടിലെ പുളിയറയിൽ നിന്നാണ് പ്രതികൾ പിടിയിലായത്. ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ പദ്മകുമാറും അനിതയും ജയിലിൽ തുടരുകയാണ്.