ഡൽഹി: ഡൽഹിയിലെ ഐഎഎസ് കോച്ചിംഗ് സെന്‍ററിലെ ദുരന്തം അന്വേഷിക്കുന്നതിനായി ഉന്നതതല സമിതിയെ നിയോഗിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി കോച്ചിംഗ് സെന്‍ററുകൾക്കുള്ള മാർഗ നിർദേശങ്ങളടക്കം തയാറാക്കും.
ഡല്‍ഹി സർക്കാറിന്റെയും നഗര വികസന മന്ത്രാലയത്തിന്റെയും പൊലീസിന്റെയും പ്രതിനിധികൾ സമതിയിലുണ്ടാകും. സമിതി 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.
അതേസമയം, ഡല്‍ഹിയിലെ ഐഎഎസ് കോച്ചിംഗ് സെന്ററിലെ ബേസ്മെന്റില്‍ വെള്ളം കയറി മൂന്ന് വിദ്യാർഥികൾ മരിച്ച സംഭവത്തിന് പിന്നാലെ അനധികൃതമായി പ്രവർത്തിക്കുന്ന കോച്ചിംഗ് സെൻ്ററുകള്‍ക്കെതിരെ നടപടിയുമായി മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹി. അനധികൃതമായി പ്രവർത്തിക്കുന്ന 13 കോച്ചിംഗ് സെൻ്ററുകള്‍ എംസിഡി ഞായറാഴ്ച സീല്‍ ചെയ്തു. ഓൾഡ് രജീന്ദർ നഗറിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി.
ശനിയാഴ്ച ഉണ്ടായ കനത്ത മഴയെ തുടർന്ന് റാവൂസ് സിവില്‍ സർവീസ് കോച്ചിംഗ് സെന്‍ററിന്‍റെ ബേസ്മെന്‍റില്‍ വെള്ളം കയറി മലയാളി വിദ്യാർഥി ഉള്‍പ്പടെ മൂന്ന് പേരാണ് മരിച്ചത്. ഉത്തർപ്രദേശ് സ്വദേശി ശ്രേയ യാദവ്, തെലുങ്കാന സ്വദേശി തന്യ സോണി, എറണാകുളം സ്വദേശി നവീൻ ഡാല്‍വില്‍ എന്നിവരാണ് അപകടത്തിൽ മുങ്ങി മരിച്ചത്.
അപകടവുമായി ബന്ധപ്പെട്ട് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ നിയമവിരുദ്ധമായാണ് കോച്ചിംഗ് സെന്റർ ബേസ്മെന്റിൽ ലൈബ്രറി പ്രവർത്തിച്ചിരുന്നതെന്ന് വ്യക്തമായി. സംഭവത്തിൽ വിദ്യാർത്ഥികളുടെ കടുത്ത പ്രതിഷേധത്തെ തുടർന്നായിരുന്നു നഗരസഭാ അധികൃതരുടെ നടപടി. കെട്ടിടങ്ങളുടെ ബേസ്മെൻറുകളിൽ നിയമവിരുദ്ധമായി വാണിജ്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഐഎഎസ് ഗുരുകുല്‍, ചാഹല്‍ അക്കാദമി, പ്ലൂട്ടസ് അക്കാദമി, സായ് ട്രേഡിംഗ്, ഐഎഎസ് സേതു, ടോപ്പേഴ്സ് അക്കാദമി, ദൈനിക് സംവാദ്, സിവില്‍സ് ഡെയ്‌ലി ഐഎഎസ്, കരിയർ പവർ, 99 നോട്ടുകള്‍, വിദ്യാ ഗുരു, ഗൈഡൻസ് ഐഎഎസ്, ഐഎഎസ് ഫോർ ഈസി എന്നീ സ്ഥാപങ്ങളാണ് സീല്‍ ചെയ്തത്.
സംഭവത്തിൽ റാവൂസ് ഐ.എ.എസ് പരിശീലന കേന്ദ്രം ഉടമ അഭിഷേക് ഗുപ്ത, കോഡിനേറ്റർ ദേശ്പാല്‍ സിങ് എന്നിവർക്കെതിരെ ഡൽഹി പോലീസ് കേസ് എടുത്തു. മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കോച്ചിംഗ് സെൻ്ററിൻ്റെ ബേസ്‌മെൻ്റിൽ ഡ്രെയിനേജ് സംവിധാനമില്ലെന്ന് അഭിഷേക് ഗുപ്ത പോലീസിനോട് പറഞ്ഞു.
മഴക്കാലത്തിന് മുമ്പ് റോഡരികിലെ ഓട വൃത്തിയാകാത്തതും ബേസ്‌മെൻ്റിലെ വെള്ളം വറ്റിക്കാൻ സംവിധാനം ഇല്ലാത്തതുമാണ് അപകടത്തിലേക്ക് നയിച്ച പ്രധാന കാരണങ്ങളെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.