നിരവധി അത്ഭുതങ്ങൾ ഈ ഭൂമി നമുക്കായി ഒരുക്കിയിട്ടുണ്ട്. അതിൽ ഒന്നാണ് കൊമോഡോ ദ്വീപ്.17508 ദ്വീപുകൾ ഉൾപ്പെടുന്ന രാജ്യമാണ് ഇന്തൊനീഷ്യ. പ്രകൃതിവൈവിധ്യം കൊണ്ട് സമ്പന്നമായ രാജ്യം. ഇക്കൂട്ടത്തിൽ ഒരു പ്രശസ്തമായ ദ്വീപാണ് കൊമോഡോ. ലോകത്തെ ഏറ്റവും വലിയ 7 പ്രകൃതി അദ്ഭുതങ്ങൾ എന്നറിയപ്പെടുന്ന സ്ഥലങ്ങളിലൊന്നായ കൊമോഡോ നാഷനൽ പാർക് മേഖലയിൽ ഉൾപ്പെട്ടതാണ് 390 ചതുരശ്ര കിലോമീറ്റർ ചുറ്റളവുള്ള കൊമോഡോ ദ്വീപ്. രണ്ടായിരത്തോളം മനുഷ്യർ ഇവിടെ താമസക്കാരായുണ്ട്. എന്നാൽ ഈ ദ്വീപിനെ പ്രശസ്തമാക്കുന്ന ഒരു കാര്യമുണ്ട്. ഭൂമിയിലെ വളരെ അപൂർവമായ ഒരു ജീവി പാർക്കുന്ന ഇടമാണ് കൊമോഡോ. പല്ലിവർഗത്തിലെ ഏറ്റവും വലിയ ജീവിയാണ് കൊമോഡോ ഡ്രാഗൺ.ഭൂമിയിൽ അധികമിടങ്ങളിൽ ഇല്ലെങ്കിലും ലോകത്ത് വളരെ പ്രശസ്തനായ ജീവിയാണ് കൊമോഡോ ഡ്രാഗൺ.

കിങ് കോങ് എന്ന പ്രശസ്ത സിനിമയ്ക്കു വരെ കാരണമായത് ഈ ജീവിയാണ്. 1926 ഇതിനെ തേടിയെത്തിയ പര്യവേക്ഷണ സംഘത്തിലെ അംഗമായ വില്യം ഡഗ്ലസാണ് പിന്നീട് കിങ് കോങ് അണിയിച്ചൊരുക്കിയത്. ഇരുപതാം നൂറ്റാണ്ടിൽ ഡച്ചുകാരാണ് ഈ ജീവിയെ കണ്ടെത്തിയത്. എന്നാൽ നാട്ടുകാർക്ക് ഡ്രാഗൺ ഒരു പുതിയ സംഭവം അല്ലായിരുന്നു. എത്രയോ കാലമായി അവർ അതിനൊപ്പം ജീവിക്കുന്നു. ഓസ്ട്രേലിയയിൽ ജനനം കൊണ്ടെന്നു വിശ്വസിക്കുന്നുണ്ടെങ്കിലും കൊമോഡോ ദ്വീപിലും പരിസര പ്രദേശങ്ങളിലും മാത്രമാണ് നിലവിൽ കൊമോഡോ ഡ്രാഗണുകളുള്ളത്. എന്നാൽ ഇവ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലേക്കു മാറിയിരിക്കുകയാണ് ഇപ്പോൾ. കൊമോഡോ ദ്വീപിൽ വർധിച്ചു വരുന്ന മനുഷ്യ പ്രവർത്തനങ്ങൾ ഇവയെ ഭീഷണിയിലാക്കുന്നെന്ന് ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) പറയുന്നു.
ഡ്രാഗണുകൾ വിഹരിക്കുന്ന ഇടമായതിനാൽ ധാരാളം ടൂറിസം പ്രവർത്തനങ്ങൾ ദ്വീപ് കേന്ദ്രീകരിച്ചു നടത്തുന്നുണ്ട്. ഇതോടൊപ്പം കാലാവസ്ഥാ വ്യതിയാനവും കൂടിയാകുമ്പോൾ സ്ഥിതി ദുഷ്കരമാണ്. വർധിക്കുന്ന ആഗോള താപനം മൂലം അടുത്ത 5 ദശാബ്ദങ്ങൾക്കുള്ളിൽ കൊമോഡോ ദ്വീപിന്റെ 30 ശതമാനത്തോളം കടലെടുത്തു പോകുമെന്നും ശാസ്ത്രജ്‍ഞർ പറയുന്നു. ഇത് വൻതോതിൽ കൊമോഡോ ഡ്രാഗണുകളെ ബാധിക്കാം. ഇതോടൊപ്പം അനധികൃത വേട്ടയും കൊമോഡോ ഡ്രാഗണുകൾക്കു ഭീഷണി തീർക്കുന്നു. കൊമോഡോ ഡ്രാഗണുകളെ വേട്ടയാടുന്നത് വലിയ മികവായി കരുതുന്ന വേട്ടക്കാർ ഇന്തൊനീഷ്യയിലുണ്ട്.

ഇവിടെയും ചുറ്റുവട്ടത്തെ മറ്റു ചില ദ്വീപുകളിലുമായും താമസിക്കുന്ന കൊമോഡോ ഡ്രാഗണുകളുടെ എണ്ണം 4000 വരും. മനുഷ്യർക്ക് ഓടാവുന്ന പോലുള്ള വേഗത്തിൽ ഓടാൻ ഇവയ്ക്കു കഴിവുണ്ടെങ്കിലും ഇരയെ ഓടിത്തോൽപിച്ച് പിടിക്കാൻ ഇവ മിനക്കെടാറില്ല. പതുങ്ങിയിരുന്ന ശേഷം ഇരയ്ക്കു മേൽ ചാടിവീഴുന്ന കൊമോഡോ ഡ്രാഗണിന്റെ കടിക്ക് വല്ലാത്ത ശക്തിയാണ്. 150 കിലോയോളം ഭാരമുള്ള ഇവയുടെ കടിയിൽ ഇരകൾ ചാവും. രക്ഷപ്പെടുന്നവയ്ക്കും രക്ഷയില്ല. ഡ്രാഗണുകളുടെ കടിക്കൊപ്പം ഒരു വിഷവസ്തു ഇരയുടെ ശരീരത്തിൽ കയറിയിട്ടുണ്ടാകും. ഇത് മുറിവുണങ്ങുന്നതു തടയും. ഫലമോ, ഇര കുറച്ചുമണിക്കൂറുകൾക്കുള്ളിൽ രക്തം വാർന്നു മരിക്കും. പിന്തുടരുന്ന ഡ്രാഗണുകൾ ഇവയെ ഭക്ഷിക്കുകയും ചെയ്യും. തങ്ങളുടെ ശരീരഭാരത്തിന്റെ 80 ശതമാനത്തോളം മാംസം അകത്താൻ ഇവയ്ക്കു കഴിവുണ്ട്. മാനുകൾ, കാട്ടുപന്നികൾ, കാട്ടുപോത്തുകൾ, കുരങ്ങുകൾ തുടങ്ങി വിവിധയിനും ജീവികളെ ഈ വേട്ടക്കാരൻ ഇരയാക്കാറുണ്ട്. മനുഷ്യരെ ഇവ ആക്രമിക്കുന്ന സംഭവങ്ങൾ അപൂർവമാണെങ്കിലും സംഭവിച്ചിട്ടുണ്ട്.
















