World

വാഹനാപകടം : കാനഡയിൽ സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം | Car accident: Three Indian students, including siblings, met a tragic end in Canada

 

കാനഡയിലെ ന്യൂ ബ്രൺസ്‌വിക്കിലെ മിൽകോവിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ഡ്രൈവർ ഉൾപ്പെടെ നാലുപേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. പഞ്ചാബിലെ ലുധിയാനയിൽ നിന്നുള്ള സഹോദരങ്ങളായ ഹർമൻ സോമൽ (23), നവ്‌ജോത് സോമൽ (19), സംഗ്രൂർ ജില്ലയിലെ സമാനയിൽ നിന്നുള്ള രശ്ംദീപ് കൗർ (23) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൻ്റെ ടയർ ഊരിത്തെറിക്കുകയും ഹൈവേയിൽ നിന്ന് തെന്നിമാറുകയുമായിരുന്നു. വാഹനത്തിലുണ്ടായിരുന്നവർ തെറിച്ചുവീണ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (ആർസിഎംപി) പറയുന്നതനുസരിച്ച്, ജൂലൈ 27-ന് ഏകദേശം രാത്രി 9:35-ന് കാനഡയിലെ ന്യൂ ബ്രൺസ്‌വിക്കിലെ മിൽ കോവിലെ ഹൈവേ രണ്ടിൽ ആയിരുന്നു അപകടം. വാഹനത്തിൻ്റെ ടയർ ഊരിപ്പോയതിനെ തുടർന്ന് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അധികൃതർ അപകടത്തിൻ്റെ കൃത്യമായ കാരണം അന്വേഷിക്കുകയാണ്.