കോടിക്കണക്കിന് ശിവലിംഗ പ്രതിഷ്‌ഠകളുളള ക്ഷേത്രത്തെ പറ്റി കേട്ടിട്ടുണ്ടോ , കര്‍ണ്ണാടകയിലെ കോടിലിംഗേശ്വര ക്ഷേത്രത്തിനാണ് ഈ ഖ്യാതി സ്വന്തമായുള്ളത് . ലോകത്തിലെ ഏറ്റവുമധികം ശിവലിംഗങ്ങളുളളത് മാത്രമല്ല ഏറ്റവും വലിയ ശിവലിംഗങ്ങളിലൊന്നും സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണിത്. കോലാർ ജില്ലയിൽ കമ്മസാദ്ര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം വിശ്വാസികൾക്ക് ഏറെ പ്രാധാനമാണ്. കർണ്ണാടകയിലെ ശൈവ വിശ്വാസികളുടെ ഏറ്റവും പ്രിയപ്പെട്ട തീർഥാടന കേന്ദ്രങ്ങളിലൊന്നാണ് കോടിലിംഗേശ്വര ക്ഷേത്രം. 1980 ല്‍ സ്വാമി സാംബശിവ മൂര്‍ത്തിയാണ് ഇവിടെ ക്ഷേത്രം നിര്‍മ്മിക്കുന്നത്. അതേ വര്‍ഷം തന്നെ ഇവിടെ ശിവലിംഗവും സ്ഥാപിച്ചു. 15 ഏക്കര്‍ സ്ഥലത്തായാണ് ക്ഷേത്രങ്ങളും ശിവലിംഗവും സ്ഥാപിച്ചിരിക്കുന്നത് .
ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗങ്ങളിലൊന്നാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്. 33 മീറ്ററിലധികം ഉയരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ശിവലിംഗം ഉയരത്തിന്റെ കാര്യത്തില്‍ ലോകത്തിലെ മറ്റെല്ലാ ശിവലിംഗങ്ങളെയും കടത്തിവെട്ടിയിട്ടുണ്ട്. ഈ വലിയ ശിവലിംഗത്തിനു ചുറ്റുമായാണ് ബാക്കിയുള്ല ശിവലിംഗങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ഇതിനു തൊട്ടടുത്ത് വലിയൊരു നന്ദിയുടെ പ്രതിമയും കാണാം. ഇതിന് 11 മീറ്റര്‍ ഉയരമുണ്ട് . വര്‍ഷാവര്‍ഷം ഇവിടെ ശിവലിംഗങ്ങളുടെ എണ്ണം ഉയരുകയായിരുന്നു. ഇവിടെ എത്തിച്ചേരുന്ന വിശ്വാസികളും ഇവിടെ ശിവലിംഗങ്ങള്‍ സ്ഥാപിക്കുവാന്‍ താല്പര്യം കാണിക്കുന്നു.തങ്ങളുടെ ആഗ്രഹ സാഫല്യത്തിനായും നേര്‍ച്ചയായുമൊക്കെ ഇവിടെ വിശ്വാസികള്‍ ശിവലിംഗം സ്ഥാപിക്കുന്നത്. വിശ്വാസികള്‍ക്ക് ഇവിടെ ശിവലിംഗ പ്രതിഷ്ഠ നടത്തുവാന്‍ അനുമതിയുണ്ട്. ആറായിരം രൂപ മുതലാണ് ഇതിനുള്ള ചിലവ്.
കര്‍ണ്ണാടകയിലെ അറിയപ്പെടുന്ന തീര്‍ഥാടന കേന്ദ്രവും വിനോദ സഞ്ചാര കേന്ദ്രവുമാണ് ഈ ക്ഷേത്രം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണി ലക്ഷക്കണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്. വിഷ്ണു, ബ്രഹ്മാവ്. മഹേശ്വരന്‍ , കോട്ടലിംഗേശ്വര, അന്നപൂര്‍ണ്ണേശ്വരി, കരുമാരി അമ്മാ ക്ഷേത്രം, വെങ്കട്ട രമണി സ്വാമി ക്ഷേത്രം, പാണ്ഡുരംഗ സ്വാമി ക്ഷേത്രം, രാമാ-സീതാ ലക്ഷ്മണ ക്ഷേത്രം, പഞ്ചമുഖ ഗണപതി ക്ഷേത്രം, ആജ്ഞനേയ ക്ഷേത്രം. കന്നിക പരമേശ്വരി ക്ഷേത്രം എന്നീ ക്ഷേത്രങ്ങൾ അതിനു ചുറ്റിലുമായുണ്ട് . ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ വിവാഹ തടസ്സം മാറുമെന്നൊരു വിശ്വാസമുണ്ട്. അതുകൊണ്ടു തന്നെ അവിവാഹിതരായ പെണ്‍കുട്ടികളും വിവാഹത്തിന് പലവിധത്തിലുള്ള തടസ്സങ്ങള്‍ ഉണ്ടാകുന്നവരും ഇവിടെയെത്തി പ്രാര്‍ത്ഥിക്കാറുണ്ട്.