വയനാട്: മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരൽമലയിലും വൻ ഉരുൾപൊട്ടൽ. പുലർച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് മുണ്ടക്കൈ ടൗണ്ടിൽ ആദ്യ ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് ചൂരൽമല സ്കൂളിനു സമീപം രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായത്. മൂന്ന് ഉരുൾപൊട്ടൽ ഉണ്ടായതായി നാട്ടുകാർ പറയുന്നു. ഒരു മരണം റിപ്പോർട്ട് ചെയ്തു. ക്യാംപ് പ്രവർത്തിച്ചിരുന്ന സ്കൂളിൽ വീടുകളിലും കടകളിലും വെള്ളവും ചെളിയും നിറഞ്ഞു.
മേഖലയിൽ നാനൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടതായാണ് വിവരം. നിരവധി പേർക്ക് പരുക്കേറ്റു. നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി. പ്രദേശത്തെ പ്രധാന റോഡും ചൂരൽമല ടൗണിലെ പാലവും തകർന്നതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായി. മുണ്ടക്കൈ അട്ടമല പ്രദേശത്തേക്കുള്ള ഏക പാലമാണിത്. രാത്രി ആയതിനാലും പ്രദേശത്തെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടതിനാലും അപകടത്തിന്റെ വ്യാപ്തി പൂർണമായും വ്യക്തമല്ല.
അഗ്നിരക്ഷാ സേനയും നാട്ടുകാരും രക്ഷാപ്രവർത്തനം ആരംഭിച്ചു. ജില്ലാ കലക്ടർ, ജില്ലാ പൊലീസ് മേധാവി, ടി സിദ്ദിഖ് എംഎൽഎ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയാണ്. ഫയർഫോഴ്സ്, എൻഡിആർഎഫ് ടീം സ്ഥലത്തെത്തിയിട്ടുണ്ട്. കൂടാതെ ഒരു എൻഡിആർഎഫ് ടീം കൂടി പ്രദേശത്തേക്കു പുറപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് ഒറ്റപ്പെട്ട ആളുകളെ പുറത്തെത്തിക്കാൻ ശ്രമം തുടരുകയാണ്. വലിയ ശബ്ദത്തോടെ ഉരുൾപൊട്ടി എന്ന് പ്രദേശവാസികൾ പറയുന്നു. 2019ൽ പുത്തുമല ഉരുൾപൊട്ടൽ ഉണ്ടായതിന്റെ സമീപമാണ് മുണ്ടക്കൈ. കോഴിക്കാട് ജില്ലയിലെ വിലങ്ങാടും ഉരുൾപൊട്ടലുണ്ടായതായി സംശയമുണ്ട്. വിലങ്ങാട് ടൗണിൽ വെള്ളം കയറി. പുഴകളിൽ ജലനിരപ്പുയരുന്നു.