Kerala

വയനാട് മുണ്ടക്കൈയിൽ വൻ ഉരുൾപൊട്ടല്‍; ആറ് മരണം | Massive Landslide in Wayanad Mundakai; Six deaths

കല്‍പറ്റ: വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടലില്‍ ആറു മരണം. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. നിരവധി വീടുകളിൽ വെള്ളംകയറി. ഇന്നു പുലര്‍ച്ചെയാണു സംഭവം. രണ്ടുതവണ ഉരുൾപൊട്ടലുണ്ടായതായാണ് റിപ്പോര്‍ട്ട്.

പുലർച്ചെ ഒരു മണിയോടെയാണ് ആദ്യ ഉരുൾപൊട്ടലുണ്ടായത്. ചൂരൽമല സ്കൂളിന് സമീപം നാല് മണിയോടെ വീണ്ടും ഉരുൾപൊട്ടി. 2019ൽ ഉരുൾപൊട്ടിയ പുത്തുമലക്ക് സമീപത്താണ് ചൂരൽമലയുള്ളത്. പാലങ്ങൾ തകർന്ന് പ്രദേശം ഒറ്റപ്പെട്ടിരിക്കുകയാണ്. നിരവധി പേര്‍ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനത്തിന് ഹെലികോപ്ടർ എത്തിക്കണമെന്ന് ആവശ്യം ശക്തമാണ്.

ചൂരൽമലയിൽനിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചുപോയെന്നും വിവരമുണ്ട്. ചൂരൽമല, കൽപ്പറ്റ ടൗണുകളിൽ വെള്ളം കയറിയിട്ടുണ്ട്. പുഴ ഗതിമാറി ഒഴുകുകയാണ്. ചൂരൽമല, കൽപ്പറ്റ ടൗണുകളിൽ വെള്ളം കയറി. കോഴിക്കോട് വിലങ്ങാടും ഉരുൾപൊട്ടിയെന്ന് സംശയമുണ്ട്. ചൂരൽമലയിലെ ഉരൾപൊട്ടലിനെ തുടർന്ന് മലപ്പുറം പോത്തുകൽ കവളപ്പാറയിൽ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.