Kerala

വയനാട്ടിൽ ആരോഗ്യ വകുപ്പ് കണ്‍ട്രോള്‍ റൂം തുറന്നു | Health Department has opened a control room in Wayanad

വയനാട്: ഉരുള്‍പൊട്ടല്‍ ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജില്ലാതല കണ്‍ട്രോള്‍ റൂം പുലര്‍ച്ചെ തന്നെ തുറന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ ആരോഗ്യ സേവനം ലഭ്യമാവാന്‍ 8086010833, 9656938689 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. വൈത്തിരി, കല്‍പ്പറ്റ, മേപ്പാടി, മാനന്തവാടി ആശുപത്രികള്‍ ഉള്‍പ്പെടെ എല്ലാ ആശുപത്രികളും സജ്ജമാണ്. രാത്രി തന്നെ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും സേവനത്തിനായി എത്തിയിരുന്നു. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സംഘത്തെ വയനാട്ടില്‍ വിന്യസിക്കും.

ചൊവ്വാഴ്ച പുലര്‍ച്ചെ 1.15 ഓടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഒരു വയസുള്ള കുട്ടിയടക്കം ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. പുലർച്ചെ ഒരു മണിയോടെയാണ് ആദ്യ ഉരുൾപൊട്ടലുണ്ടായത്. ചൂരൽമല സ്കൂളിന് സമീപം നാല് മണിയോടെ വീണ്ടും ഉരുൾപൊട്ടി. പാലങ്ങൾ തകർന്ന് പ്രദേശം ഒറ്റപ്പെട്ടിരിക്കുകയാണ്. നിരവധി പേര്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്. ചൂരൽമലയിൽനിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചുപോയെന്നും വിവരമുണ്ട്. ചൂരൽമല, കൽപ്പറ്റ ടൗണുകളിൽ വെള്ളം കയറിയിട്ടുണ്ട്. പുഴ ഗതിമാറി ഒഴുകുകയാണ്. ചൂരൽമല, കൽപ്പറ്റ ടൗണുകളിൽ വെള്ളം കയറി.

കോഴിക്കോട് വിലങ്ങാടും ഉരുൾപൊട്ടിയെന്ന് സംശയമുണ്ട്. ചൂരൽമലയിലെ ഉരൾപൊട്ടലിനെ തുടർന്ന് മലപ്പുറം പോത്തുകൽ കവളപ്പാറയിൽ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. 2019ൽ ഉരുൾപൊട്ടിയ പുത്തുമലക്ക് സമീപത്താണ് ചൂരൽമലയുള്ളത്.