Wayanad

ചൂരല്‍മലയിലെ ഉരുള്‍പൊട്ടൽ, ചാലിയാര്‍ പുഴയില്‍നിന്ന് 9 മൃതദേഹങ്ങള്‍ കണ്ടെത്തി | Landslide in Churalmala, 9 dead bodies found in Chaliyar river

പോത്തുകൽ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നായി ചാലിയാർ പുഴയിൽനിന്ന് ആറ് മൃതദേഹങ്ങള്‍ ലഭിച്ചു

വയനാട് ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ ചാലിയാറില്‍ ജനനിരപ്പ് ഉയരുകയാണ്. ചാലിയാറിലേക്ക് വലിയ വേഗത്തില്‍ വെള്ളം ഇരച്ചെത്തുകയാണ്. ഇതില്‍ ഒന്‍പത് മൃതദേഹങ്ങള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. ചാലിയാറിനു പുറമെ ഇരുവഴിഞ്ഞിയിലും ജലനിരപ്പ് ഉയരുകയാണ്.

ചാലിയാറില്‍ നിലമ്പൂര്‍ ഭാഗത്ത് മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു കുട്ടിയുടെ മൃതദേഹം മുളങ്കാട്ടില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലാണ്. ഒരു പുരുഷന്റെ മൃതദേഹം തല അറ്റ രീതിയിലും കണ്ടെത്തിയിട്ടുണ്ട്. തിരിച്ചറിയാനാകാത്ത നിലയിലാണു മൃതദേഹമുള്ളത്. പോത്തുകൽ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നായി ചാലിയാർ പുഴയിൽനിന്ന് ആറ് മൃതദേഹങ്ങള്‍ ലഭിച്ചു.

ഇരുട്ടുകുത്തി കോളനിയിൽനിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. ഭൂതാനം മച്ചികുഴിയിൽനിന്നു സ്ത്രീയുടെ മൃതദേഹം ലഭിച്ചു. വെള്ളിലമാട്ടുനിന്ന് ഒരു പുരുഷൻ്റെയും കുനിപ്പാറയിൽനിന്ന് ഒരു കുട്ടിയുടെ മൃതദേഹവും ലഭിച്ചു.

വാഷിങ്‌മെഷീനുകളും ഗ്യാസ് സിലിണ്ടറുകളും ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങള്‍ ഒഴുകിപ്പോകുന്നതു കണ്ടതായി നാട്ടുകാര്‍ പറയുന്നു. വെള്ളിലമാട് അമ്പിട്ടാന്‍പോട്ടി, പോത്തുകല്ല് പോട്ടി, മച്ചിക്കൈ, പനം കയം മേഖലകളില്‍ വെള്ളം കയറി. ഇവിടെ ഇരുകരകളിലും താമസിക്കുന്നവരെ ഒഴിപ്പിക്കുന്നുണ്ട്.