കൊച്ചി : അത്താണിയിലെ നക്ഷത്ര ഹോട്ടലിൽ നടത്തിയ ഡിജെ പാർട്ടിക്കായി ലഹരി വിതരണം ചെയ്യാനെത്തിയ നാലു പേർ ഇന്നലെ പിടിയിലായിരുന്നു. കൊച്ചിയിലെ ഡിജെ പാർട്ടികളിൽ ലഹരി ഉപയോഗം നടക്കുന്നതും ഇടയ്ക്കിടെ പൊലീസ് ഇവ പിടികൂടുന്നതും സാധാരണമാണെങ്കിൽ ഇത്തവണത്തേത് കുറച്ചു വ്യത്യസ്തമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. കാരണം, കൊച്ചിയുടെ പ്രാന്തപ്രദേശങ്ങളിൽ നടക്കുന്ന ഡിജെ പാർട്ടിക്കായി കൊണ്ടുവന്ന ലഹരിമരുന്ന് പിടികൂടുന്നത് ആദ്യമായാണ്.
കൊച്ചിയിലെ ലഹരിക്കടത്തിന്റെയും ഉപയോഗത്തന്റെയും മാറി വരുന്ന സാഹചര്യങ്ങളെ സൂചിപ്പിക്കുന്നതാണ് ഇതെന്നും അവർ പറയുന്നു. വലിയ തോതിലുള്ള ലഹരി ഉപഭോഗം നഗരത്തിൽനിന്ന്, നഗരത്തിനു പുറത്തേക്ക് വ്യാപിച്ചിരിക്കുന്നു എന്നതിന്റെ സൂചനയാണ് ഇത്. ലഹരി പാർട്ടികൾ മുൻപും ഈ മേഖലകളിൽ നടക്കാറുണ്ട്. എന്നാൽ കൊച്ചി നഗരത്തിലെ ലഹരിവേട്ട പൊലീസ് ശക്തമാക്കിയതോടെ ഡിജെ പാർട്ടികളും മറ്റും നഗരത്തിനു പുറത്തേക്ക് കൂടുതലായി മാറിത്തുടങ്ങി.
ഈ മേഖല നൽകുന്ന സൗകര്യം തന്നെയാണ് പാർട്ടികൾക്കായി ഇവിടം തിരഞ്ഞെടുക്കാൻ കാരണം. വിമാനത്താവളം വന്നതിനു ശേഷം ഒട്ടേറെ പുതിയ ആഡംബര ഹോട്ടലുകൾ വന്നു, ഉള്ളിലേക്കുള്ള സ്ഥലങ്ങളിൽ റിസോർട്ടുകളും മറ്റും ധാരാളമായി ലഭ്യമാണ്, ഒഴിഞ്ഞ സ്ഥലങ്ങള്‍ ധാരാളം ലഭിക്കുന്നു തുടങ്ങിയ അനുകൂല ഘടകങ്ങളാണ് ഇവിടം തിരഞ്ഞെടുക്കാൻ കാരണം. ലഹരിക്കടത്തും ഉപയോഗവുമായി ബന്ധപ്പെട്ട് പൊലീസിന്റെ ശ്രദ്ധയും നിരീക്ഷണവും നഗരത്തിൽ വർധിച്ചതും ഒരു കാരണമാണ്.
നഗരത്തിലെ ഫ്ലാറ്റുകളിൽ അസോസിയേഷനുകളുടെയും അയൽക്കാരുടെയുമൊക്കെ ശ്രദ്ധയും ഇത്തരം കാര്യങ്ങളിലേക്ക് വന്നിട്ടുണ്ട്. ഫ്ലാറ്റ് സമുച്ചയങ്ങളിലും മറ്റും അസ്വാഭാവികമായ കാര്യങ്ങൾ കണ്ടാൽ ഉടൻ പൊലീസിൽ അറിയിക്കുകയെന്നതും വർധിച്ചു. അതുകൊണ്ടു തന്നെ വലിയ സൗകര്യമാണ് ആലുവ, നെടുമ്പാശേരി, പെരുമ്പാവൂർ മേഖലകൾ ലഹരി ഇടപാടുകാർക്ക് നൽകുന്നത്.
കൊച്ചി നഗരത്തിന്റെ പുറത്ത് ഡിജെ പാർട്ടികളും അവയിൽ ലഹരി ഉപയോഗവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആദ്യമായല്ല. അതിരപ്പിള്ളി വരെയുള്ള മേഖലയിലെ ഹോട്ടലുകളും റിസോർട്ടുകളും കേന്ദ്രീകരിച്ച് ഇത്തരം പാർട്ടികളെക്കുറിച്ച് പൊലീസിന് വ്യക്തമായ അറിവുണ്ട്. ആലുവ, പെരുമ്പാവൂർ, അങ്കമാലി, നെടുമ്പാശേരി തന്നെയായിരുന്നു കഞ്ചാവ് അടക്കമുള്ള ലഹരിയുടെയും അത് കടത്തിന്റെയും കേന്ദ്രം. ആലുവ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള കടത്തും കൊച്ചിയുടെ പ്രാന്തപ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള കൈമാറ്റങ്ങളുമെല്ലാം സജീവമായിരുന്നു.
ഇന്ന് കഞ്ചാവിനു പകരം രാസലഹരികൾ വ്യാപകമായതോടെ കടത്തു കേന്ദ്രം നെടുമ്പാശേരിയായി മാറിയെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. നെടുമ്പാശേരി കേന്ദ്രീകരിച്ച് ലഹരി വലിയ തോതിൽ വരുന്നുണ്ട്. ഇടയ്ക്കൊക്കെ ഇത് പിടികൂടുന്നുമുണ്ട്. വയറ്റിലൊളിപ്പിച്ച കൊക്കെയ്നുമായി വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ അടുത്തിടെ നെടുമ്പാശേരിയിൽ പിടിയിലായതും ഏറെ പ്രധാനമായിരുന്നു.
വിമാനത്താവളം കേന്ദ്രീകരിച്ചുള്ള ലഹരി കടത്തിന്റെ മറ്റൊരു പ്രധാന സൗകര്യം നഗരത്തിനു പുറത്തേക്ക് അധികം സഞ്ചരിക്കേണ്ട എന്നതു തന്നെയാണ്. ലഹരി റോഡ് മാർഗവും മറ്റും അകലെയുള്ള സ്ഥലങ്ങളിലേക്ക് എത്തിക്കുന്നത് റിസ്ക് കൂടുതലുള്ള കാര്യമായതിനാൽ നെടുമ്പാശേരിയും പ്രാന്തപ്രദേശങ്ങളും തന്നെ ഇത്തരത്തിലുള്ള പാർട്ടികൾക്ക് വേദിയാകുന്നു എന്നാണ് അന്വേഷണ ഏജൻസികൾ പറയുന്നത്. പാർട്ടികൾ കൂടുതലായി നടക്കുന്നു എന്നതു കൊണ്ടാണ് ഇവിടുത്തെ ലഹരി ഇടപാട് ഇത്തവണ പിടികൂടാനായത് എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഡിജെ പാർട്ടിയിലേക്ക് ലഹരി എത്തുകയല്ല, ലഹരി ഉപയോഗിക്കുന്നതിനായി സംഘടിപ്പിക്കപ്പെടുന്ന പാര്‍ട്ടികളാണോ ഇവ എന്നാണ് അന്വേഷണ സംഘങ്ങൾ പ്രധാനമായി അന്വേഷിക്കുന്നത്.