മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ 41 പേരുടെ മരണം ജില്ലാഭരണകൂടം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മരിച്ചവരിൽ മൂന്നുപേർ കുട്ടികളാണ്. ഓരോ നിമിഷവും മരണസംഖ്യ ഉയരുന്ന സാഹചര്യമാണുള്ളത്. 40-ലേറെ പേർ പരിക്കുകളോടെ ചികിത്സയിൽ തുടരുകയാണ്. മഴ കനക്കുന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ട്.
പ്രദേശത്തെ നിരവധി കുടുംബങ്ങളെ കാണാതായിട്ടുണ്ട്. മുണ്ടക്കൈയിൽ മാത്രം നൂറോളം കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്. കുടുങ്ങിയവരിൽ വിദേശികളും അകപ്പെട്ടതായി സംശയമുണ്ട്.. ചൂരൽമലയിലെ പാലം തകർന്നതോടെ നൂറുകണക്കിന് ആളുകളാണ് ഒറ്റപ്പെട്ടത്.
കണ്ണൂർ കന്റോൺമെന്റിൽ നിന്ന് കരസേനയുടെ രണ്ട് സംഘങ്ങൾ വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ സുളൂരിൽ നിന്നും എത്തും. എൻഡിആർഎഫ് സംഘം രക്ഷാപ്രവർത്തനത്തിനായി മുണ്ടക്കൈയിൽ എത്തി. ആർമി ടീം കോഴിക്കോട് നിന്നും തിരിച്ചിട്ടുണ്ട്. ആർമി, എയർ ഫോഴ്സ്, നേവി തുടങ്ങിയ സേനാ വിഭാഗങ്ങൾ സംയുക്തമായി രക്ഷാപ്രവർത്തനം നടത്തും.
ഇന്നലെ രാത്രി ഒരു മണിയോടെയാണ് ആദ്യം ഉരുൾപൊട്ടലുണ്ടായത്. പിന്നീട് നാല് മണിക്ക് ഉരുൾപൊട്ടലുണ്ടായി. മുണ്ടക്കൈ, അട്ടമല, ചൂരൽമല എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്.