ദുരന്തമൊഴിയാതെ ഇന്നും വയനാട്. മഴക്കാലമായാൽ എല്ലാവരും ഉറ്റു നോക്കുന്നത് വയനാടും അവിടത്തെ ജനങ്ങളെയുമാണ്.. ഒരു മഹാപ്രളയവും, 2019ലെ ഉരുൾ പൊട്ടലും അതിജീവിച്ചിട്ടും, വീണ്ടും അവരുടെ മേൽ ദുരന്തം നിർത്താതെ പെയ്തു കൊണ്ടിരിക്കുന്നു. ഇന്നലത്തെ ഉരുൾ പൊട്ടലിൽ ഉണ്ടായ മരണ സംഖ്യ ഇത് വരെ എണ്ണി തിട്ടപ്പെടുത്താനായിട്ടില്ല. നിരന്തരം വരുന്ന കാലാവർഷത്തിൽ മണ്ണിടിച്ചിലും വീടുകൾ ഒലിച്ചുപോയും തന്നെ അവിടത്തെ ജനവിഭാഗം പകുതിയോളമായിട്ടുണ്ട്. ഓരോ വർഷവും ഇങ്ങനെ മഴ നിർത്താതെ പെയ്യുമ്പോൾ പൊലിയുന്നത് നൂറുകണക്കിന് ജീവനുകളാണ്. ഒന്നിന് പിറകെ ഒന്നായി അവർക്ക് മുന്നിലേക്ക് ദുരന്തങ്ങൾ നൂൽമഴ പോലെ പെയ്തിറങ്ങുകയാണ്.
കേരളത്തിലെ മഴ മലയാളിയുടെ വമ്പ് പറച്ചിലുകളിലൊന്നായിരുന്നു അടുത്തകാലം വരെ. മൺസൂണിനൊപ്പം കേരളത്തിലെ ടൂറിസം രംഗത്തിനും ഉണർവ് ലഭിക്കുമായിരുന്നു. മഴ കാണാനെത്തുന്ന വിനോദസഞ്ചാരികളും മഴ ആസ്വദിക്കുന്ന മലയാളികളും മഴ ഗൃഹാതുരത്വമായി കൊണ്ടുനടക്കുന്ന പ്രവാസികളുമൊക്കെ ആഘോഷമായി തന്നെ നമ്മൾ കൊണ്ടുനടന്നു. മഴ കാണാൻ പറ്റാത്ത പ്രവാസി മലയാളിയുടെ വിഷമം തീർക്കാൻ, അവരുടെ ആവശ്യപ്രകാരം ടെവിലിഷൻ ചാനലിൽ മഴ റെക്കോർഡ് ചെയ്ത് സംപ്രേക്ഷണം ചെയ്ത ചരിത്രം പോലും കേരളത്തിനുണ്ട്. മലയാളിയുടെ കാൽപ്പനിക ഭാവങ്ങൾ നെയ്തെടുക്കുന്ന പ്രധാന നൂലായിരുന്നു മഴ. എന്നാൽ അതെല്ലാം തകിടം മറിച്ചതാണ് കഴിഞ്ഞ കുറച്ച് കാലമായി കേരളത്തിൽ തുടർച്ചയായി സംഭവിക്കുന്ന പ്രകൃതിദുരന്തങ്ങൾ. മധ്യവർഗ മലയാളിയുടെ മഴപ്രണയം മഴപ്പേടിയായി മാറുന്നതാണ് ഇന്നത്തെ കാഴ്ച.
2018ൽ ഉണ്ടായ മഹാപ്രളയത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ദുരിതം പെയ്തിറങ്ങിയ ജില്ലയാണ് വയനാട്. ഏറ്റവും കൂടുതൽ ഉരുൾപൊട്ടലുകൾ ഉണ്ടായ വയനാട്ടിൽ നിരവധി വീടുകളാണ് നശിച്ചത്.
പ്രകൃതി കനിഞ്ഞനുഗ്രഹിച്ച വയനാടിന്റെ നെഞ്ചുപിളർത്തി ഉരുൾപൊട്ടലുകളും വെള്ളപ്പൊക്കവും വിടാതെ പിന്തുടരുന്നു. പണ്ട് ഉരുൾപൊട്ടൽ വല്ലപ്പോഴുമുള്ള പ്രതിഭാസം ആയിരുന്നെങ്കിൽ 2019 മുതൽ ഉരുൾപൊട്ടൽ എല്ലാവർഷവും പതിവ് തെറ്റിക്കാതെ എത്തുന്ന വിരുന്നുകാരനായി. പുത്തുമല, കവളപ്പാറ, പെട്ടിമുടി, കൂട്ടിക്കൽ, കൊക്കയാർ അങ്ങനെ 2021 വരെ തുടർച്ചയായ ഉരുൾപൊട്ടലുകൾക്ക് കേരളം സാക്ഷിയായിട്ടുണ്ട്. നിരവധി പേർ ഇന്നും പ്രിയപ്പെട്ടവരുടെ നെഞ്ചിൽ ഒരു നെരിപ്പോടായി മണ്ണിലെവിടെയോ പുതഞ്ഞുകിടപ്പുണ്ട്.
2018ൽ ജില്ലയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയേറെ ഉരുൾപൊട്ടലുകളുണ്ടാകുന്നത്. ഒരാഴ്ച തകർത്തുപെയ്‌ത മഴയിൽ 50ലേറെ സ്ഥലങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. 200ഓളം സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. വയനാട് ജില്ലയിലേക്ക് പ്രവേശിക്കുന്ന വൈത്തിരി മുതൽ കൽപ്പറ്റ വരെയും വൈത്തിരി മുതൽ തരിയോട് വരെയും റോഡിന് ഇരുവശവും മണ്ണിടിഞ്ഞതും ഉരുൾപൊട്ടലുകളും കാണാം.
പൊഴുതന പഞ്ചായത്തിലെ കുറിച്യർ മലയിലാണ് ഏറ്റവും വലിയ ഉരുൾ പൊട്ടൽ ഉണ്ടായത്. അറുപതിലധികം പേർ ഇവിടെ അത്ഭുതകരമായി അന്ന് രക്ഷപ്പെട്ടു. കുറിച്യർ മല സ്കൂളും എസ്റ്റേറ്റ് പാടിയും ഒറ്റപ്പെട്ടു. 40 ഹെക്ടറോളം പ്രദേശമാണ് ഇവിടെ ഒലിച്ചുപോയത്. 30 ലധികം വീടുകളുള്ള ഇവിടെ ദുരന്തം ഒഴിവായത് ഭാഗ്യംകൊണ്ടാണെന്ന് പ്രദേശവാസികൾ പറഞ്ഞു. മലയടിവാരത്തെ കൂറ്റൻപാറക്കല്ലിൽ തടഞ്ഞ് മലവെള്ളവും ചെളിയും മാറി ഒഴുകുകയായിരുന്നു. പകൽ സമയത്ത് ഉരുൾപൊട്ടൽ ഉണ്ടായതിനാലും തുടക്കത്തിൽ തന്നെ ഓടി രക്ഷപ്പെട്ടതിനാലും അറുപതിലധികം പേർക്ക് ജീവൻ തിരിച്ചു കിട്ടി. സേട്ടു കുന്നിലും ഉരുൾപൊട്ടൽ ഭീഷണി തുടരുകയാണ്. ജനവാസ കേന്ദ്രമായ കുറിച്യർ മലയിൽ ഒമ്പത് വീടുകൾ പൂർണമായും പതിനഞ്ച് വീടുകൾ ഭാഗികമായും തകർന്നു. ഇരുപതിലധികം വീടുകൾ വാസയോഗ്യമല്ലാതായി.
2017ലെ ഓഖി ചുഴലിക്കാറ്റും അതുമായി ബന്ധപ്പെട്ട ദുരന്തങ്ങളുമാണ് കേരളത്തിന് നേരിടേണ്ടിവന്നത്. 2018 മുതലാണ് കേരളത്തിന് മുകളിൽ പ്രകൃതി ദുരന്തങ്ങൾ മഴമേഘങ്ങളുടെ രൂപത്തിൽ നിലകൊള്ളാൻ തുടങ്ങിയത്. 2019ൽ പുത്തുമലയിലും കവളപ്പാറയിലും ഉണ്ടായ ദുരന്തങ്ങളാണ് പ്രളയത്തേക്കാൾ ഏറെ നാശനഷ്ടങ്ങൾ വിതയ്ക്കുന്ന ഉരുൾപൊട്ടൽ എന്ന യഥാർത്ഥ വില്ലനെ പുറത്തു കൊണ്ടുവന്നത്. വയനാട് ഇന്നും അതിന്റെ വേദനയിൽ നിന്നും മുക്തമായിട്ടില്ല. മഴക്കാലം ആകുമ്പോൾ അവരുടെ നെഞ്ചിൽ ഒരു വേദനയാണ്. ഈ വർഷം തങ്ങളിൽ പെട്ട എത്ര പേരെയായിരിക്കും മഴ കൊണ്ടുപോകുന്നത് എന്ന പേടിയിൽ, എത്ര വീടുകൾ എന്തൊക്കെ നഷ്ടങ്ങൾ അറിയില്ല,, ഉറ്റവരെയും ഉടയവരെയും ചേർത്തു നിർത്തി തേങ്ങി കരയുകയാണ് വയനാട്. എന്നിട്ടും എന്തേ ആരും കണ്ണ് തുറക്കുന്നില്ല.. ജീവൻ പോയതിനുശേഷം സർക്കാർ നൽകുന്ന കോടികൾ അല്ല അവർക്ക് വേണ്ടത്..ജീവൻ പോകാതിരിക്കുവാനുള്ള മാർഗമാണ്..
ഒന്നിടവിടാതെ എല്ലാവർഷവും ദുരന്തങ്ങൾ ഇങ്ങനെ പെയ്തിറങ്ങിയിട്ടും, എന്തുകൊണ്ട് ഇതിനൊരു തീർപ്പുണ്ടാകുന്നില്ല,? ഇനിയും എത്ര ജീവനുങ്ങൾ പൊലിഞ്ഞാലാണ് വയനാടിന് വേണ്ട രീതിയിലുള്ള സംരക്ഷണ ഉറപ്പാക്കുക?
Content highlight : Wayanad Landslide special story