തിരുവനന്തപുരം ജില്ലയിലെ കല്ലറ എന്ന മലയോര ഗ്രാമത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ? നിറയെ കല്ലുകൾ ഉള്ള സ്ഥലമായതിനാലാണ് ഈ നാടിനെ കല്ലറ എന്ന് വിളിക്കുന്നത് . എന്നാൽ കല്ലറ കാണാൻ അല്ല നമ്മൾ പോകുന്നത് , മറിച്ച് ആ ഗ്രാമത്തിന്റെ മുഖമുദ്രയായി മാറിയ ഒരു വലിയ പാറ തേടിയാണ് ഇന്നത്തെ യാത്ര. ഒരു പട്ടണത്തിന്റെ ഉയർച്ച താഴ്ചകളെല്ലാം കണ്ട് സാക്ഷിയായി മാറുന്ന ആയിരവല്ലിപ്പാറ. ആ പാറയ്ക്ക് മുകളിൽ ഒരു ആയിരവല്ലി ക്ഷേത്രമുണ്ട്. അതുകൊണ്ട് തന്നെ നാട്ടുകാർ ഇതിനെ ആയിരവല്ലിപ്പാറ എന്നാണ് വിളിക്കുന്നത്.
ഏക്കർ കണക്കിന് ഭൂമിയിൽ വ്യാപിച്ചു കിടക്കുന്ന പടുകൂറ്റൻ പാറയാണ് ആയിരവല്ലിപ്പാറ. വൈകുന്നേരങ്ങളിൽ ഇവിടെയെത്തിയാൽ പൊന്മുടിയിൽ മഞ്ഞു പെയ്യുന്നതും പാലോട് വനമേഖലയുടെ ഭംഗിയുമെല്ലാം ആസ്വദിച്ച് മടങ്ങാം.
മറുവശത്ത് കല്ലറ പട്ടണത്തിന്റെ വിദൂര ദൃശ്യഭംഗിയും കൃഷിയിടങ്ങളും നെൽവയലുകളും ഒക്കെ കാണാനാകും. തണുത്ത കാറ്റേറ്റ് പാറപ്പുറത്തിരുന്ന് ദൂരക്കാഴ്ചകൾ ആസ്വദിക്കാം. അന്തരീക്ഷത്തിൽ അമ്പലത്തിലെ ഭക്തിഗാനം കൂടിയാകുമ്പോൾ സമ്മാനിക്കുന്നത് പുത്തൻ അനുഭവമാണ്.
പ്രാദേശികമായി മാത്രം അറിയപ്പെടുന്ന ഒരിടമാണ് ആയിരവല്ലിപ്പാറ. വിവാഹങ്ങളുടെ ഫോട്ടോഷൂട്ടിനായും ഹ്രസ്വ ചിത്രങ്ങളുടെ ചിത്രീകരണത്തിനായി ഇവിടെ ഇപ്പോഴും ആളുകൾ എത്താറുണ്ട്. മുൻപ് ചില മലയാള സിനിമകളുടെ ചിത്രീകരണത്തിനും ഈ പാറ വേദിയായിട്ടുണ്ട്.
content highlight: ayiravallippara-hidden-nature-spot