ഓഗസ്റ്റ് മാസം എത്തിക്കഴിഞ്ഞു. യാത്രകൾ നടത്താൻ ഇഷ്ടമുള്ളവർക്ക് ഒരുപാട് സാധ്യതകളും അവസരങ്ങളും ആയാണ് ഓഗസ്റ്റ് കടന്നെത്തുന്നത്. പൊതു അവധി കൂടാതെ നീണ്ട വാരാന്ത്യങ്ങളും മറ്റ് അവധികളും ഒക്കെയായി ഒന്നു പ്ലാൻ ചെയ്താൽ നിങ്ങളുടെ ബക്കറ്റ് ലിസ്റ്റിലുള്ള സ്ഥലങ്ങളിലേക്ക് പോകാൻ പറ്റിയ മാസം. എന്നാൽ അത്തരത്തിൽ പോകാൻ മടിയുള്ളവർക്ക് ഫുൾ പാക്കേജുമായി എത്തുകയാണ് കെഎസ്ആർടിസി. നിരവധി യാത്രകളാണ് കെഎസ്ആർടിസി ഇത്തവണ ആസൂത്രണം ചെയ്തിരിക്കുന്നത്. കർക്കടകമാസവും മഴയും എല്ലാം പരിഗണിച്ചാണ് പാക്കേജ് ഒരുക്കിയിരിക്കുന്നത്. ഇതാ, പത്തനംതിട്ടയിൽ നിന്നും ഓഗസ്റ്റ് മാസത്തിൽ പോകുന്ന യാത്രകൾ ഏതൊക്കെയെന്ന് നോക്കാം.
പത്തനംതിട്ട- ഗവി യാത്ര
പത്തനംതിട്ടയിൽ നിന്നും ഏറ്റവും എളുപ്പത്തിൽ പോകാന്‍ പറ്റിയ യാത്രയാണ് ഗവിയിലേക്കുള്ളത്. ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന പാക്കേജിൽ വനത്തിലുള്ളിലൂടെ മഴയിലും പച്ചപ്പിലും അണക്കെട്ടുകളും ഗ്രാമങ്ങളും കണ്ടുള്ള യാത്രയും ബോട്ടിങ്ങും കാഴ്ചകളും ഒക്കെയായി ആസ്വദിക്കാനുള്ളതെല്ലാം ഈ പാക്കേജ് നല്കുന്നു.
ഓഗസ്റ്റ് 3, 9, 12, 20, 21, 26 എന്നീ തിയതികളിലാണ് പത്തനംതിട്ട- ഗവി യാത്ര ഒരുക്കിയിരിക്കുന്നത്. മറ്റു ഡിപ്പോകളിൽ നിന്നും പോകുന്നതിനേക്കാൾ കുറഞ്ഞ ചെലവിൽ പത്തനംതിട്ടയിൽ ഗവിയിൽ പോയി പരുന്തുംപാറകൂടി കണ്ട് മടങ്ങാം.
പാലാ നാലമ്പലം യാത്ര
രാമായണ മാസത്തിലെ ഏറ്റവും പുണ്യം പകരുന്ന യാത്രയാണ് നാലമ്പലങ്ങളിലേക്കുള്ളത്, കേരളത്തിലെ പല ഭാഗങ്ങളിലും നാലമ്പലങ്ങൾ ഉണ്ടെങ്കിലും പത്തനംതിട്ടയിൽ നിന്നും പോകുന്നത് പാലാ രാമപുരം നാലമ്പലങ്ങളിലേക്കാണ്. രാമപുരം രാമസ്വാമി ക്ഷേത്രം, കൂടപ്പലം ശ്രീലക്ഷണണ സ്വാമി ക്ഷേത്രം, അമനകര ഭരത സ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്‌നസ്വാമി ക്ഷേത്രം എന്നിവയാണ് രാമപുരത്തെ നാലമ്പലങ്ങൾ. ഈ നാല് ക്ഷേത്രങ്ങളിലേക്കും വെറും 440 രൂപാ മുടക്കിൽ പത്തനംതിട്ട കെഎസ്ആർടിസിയുടെ പാക്കേജിൽ പോയി വരാം. ഓഗസ്റ്റ് 04, 10, 15, എന്നീ മൂന്നു തിയതികളിലാണ് പത്തനംതിട്ടയില് നിന്നുള്ള പാക്കേജ്.
പൊന്മുടി- കോവളം യാത്ര
തിരുവനന്തപുരത്തെ ആകർഷണങ്ങളായ പൊന്മുടിയും കോവളവും ഒരു ദിവസത്തിൽ കണ്ടുവരുന്ന പാക്കേജും പത്തനംതിട്ടയിൽ നിന്നുണ്ട്. ഇക്കോ ടൂറിസത്തിനു കീഴിൽ വരുന്ന പൊന്മുടി അതിന്‍റെ പ്രഭാതങ്ങൾക്കും പ്രകൃതിഭംഗിക്കും ആണ് പ്രസിദ്ധം. ഹെയർപിൻ വളവുകൾ കയറിയുള്ള യാത്രയും അവിടെ എത്തുമ്പോൾ കോടമഞ്ഞ് പൊതിഞ്ഞു നില്‍ക്കുന്ന അനുഭവവും എല്ലാം പൊന്‍മുടിയുടെ പ്രത്യേകതയാണ്. കോവളം ബീച്ചിനാണ് പ്രസിദ്ധം. മലയാഴികളേക്കാൾ വിദേശികളാണ് ഇവിടെ എത്തുന്നവരിൽ അധികവും.
ഓഗസ്റ്റ് 25 നുള്ള പൊന്മുടി- കോവളം യാത്രയ്ക്ക് 910 രൂപയാണ് നിരക്ക്.
രാമക്കൽമേട്, കാൽവരി മൗണ്ട്
ഇടുക്കിയുടെ മറഞ്ഞു കിടക്കുന്ന മനോഹര കാഴ്ചകളായ രാമക്കൽമേട്, കാൽവരി മൗണ്ട് എന്നിവിടങ്ങൾ കാണാനായി ഒരു പാക്കേജും പത്തനംതിട്ടയിൽ നിന്നുണ്ട്. ഒറ്റ ദിവസത്തിൽ ഈ രണ്ടിടങ്ങളും കണ്ട് വരാം.
ഓഗസ്റ്റ് 15 ന് പോകുന്ന രാമക്കൽമേട്, കാൽവരി മൗണ്ട് യാത്രയ്ക്ക് 1030 രൂപയാണ് നിരക്ക്.
സീ അഷ്ടമുടി
സീ അഷ്ടമുടി ബോട്ട് സർവീസ് അഷ്ടമുടിയും പരിസരങ്ങളും എക്സ്പ്ലോർ ചെയ്യാൻ പറ്റിയ പാക്കേജാണ്. 11.30-ന് കൊല്ലം ബോട്ട് ജെട്ടിയില്‍നിന്നു പുറപ്പെടുന്ന സര്‍വീസ് അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്ര ബോട്ട് ജെട്ടിവഴി കല്ലടയാറ്റിലൂടെ മൺറോ തുരുത്ത്, പെരുങ്ങാലം ധ്യാനതീരം, ഡച്ചുപള്ളി, പെരുമണ്‍ പാലം, കാക്ക തുരുത്തുവഴി പ്രാക്കുളം സാമ്പ്രാണിക്കോടിയിലെത്തും. അവിടെ കാഴ്ചകൾ കണ്ട് വൈകിട്ട് 4.30 ഓടെ കൊല്ലത്ത് തിരിച്ചെത്തുന്ന ആകെ അഞ്ച് മണിക്കൂർ കായൽ യാത്രയാണിത്. 990 രൂപയാണ് പാക്കേജ് നിരക്ക്. ഓഗസ്റ്റ് 11 നാണ് പത്തനംതിട്ടയിൽ നിന്നുള്ള സീ അഷ്ടമുടി യാത്ര.
ഇത് കൂടാതെ ഓഗസ്റ്റ് 10 ന് റോസ് മല യാത്ര ( 770/- രൂപ),18/19 തിയതികളിലായി മൂന്നാർ -, കാന്തലൂർ (1720/-രൂപ), ഓഗസ്റ്റ് 28ന് ആഴിമല -ചെങ്കൽ യാത്ര (660/-രൂപ) എന്നിവയും ഒരുക്കിയിട്ടുണ്ട്.
content highlight: holidays-in-august-ksrtc-package