Kerala

ഉരുള്‍പൊട്ടല്‍: കല്‍പ്പറ്റ-മുണ്ടക്കൈ KSRTC സ്റ്റേ ബസ് കുടുങ്ങി; ജീവനക്കാര്‍ സുരക്ഷിതര്‍ (സ്‌പെഷ്യല്‍) /Landslide: Kalpatta-Mundakai KSRTC stay bus stuck; Employees are safe (Special)

ചൂരല്‍ മല മുണ്ടക്കൈയില്‍ അന്‍പതോളം പേരുടെ ജീവനെടുക്കുകയും ഇരുന്നൂറോളം പേരെ കാണാതായതുമായ ഉരുള്‍ പൊട്ടലില്‍ KSRTC കല്‍പ്പറ്റ-മുണ്ടക്കൈ സ്റ്റേ ബസും ജീവനക്കാരും കുടുങ്ങി. ജീവനക്കാര്‍ സുരക്ഷിതരാണെന്നും എന്നാല്‍, പുറത്തേക്കു കടക്കാന്‍ നിര്‍വാഹമില്ലാത്ത സ്ഥിതിയിലാണെന്നുമാണ് വിവരം. ഇന്നലെ രാത്രി പത്തു മണിയോടു കൂടിയാണ് കല്‍പ്പറ്റ ഡിപ്പോയില്‍ നിന്നും മുണ്ടക്കൈയിലേക്ക് സ്‌റ്റേ ബസ് പുറപ്പെട്ടത്. കണ്ടക്ടര്‍ സി.കെ. മുഹമ്മദ് കുഞ്ഞും, ഡ്രൈവര്‍ പി.ജി. സജിത്തുമാണ് ബസിലെ ജീവനക്കാര്‍.

 

ഇന്നലെ രാത്രിയുണ്ടായ കാറ്റിലും മഴയിലുമാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. മൂന്നും നാലും തവണയാണ് മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടിയത്. പൊട്ടിയൊലിച്ച മണ്ണിലും വെള്ളത്തിലും പാറയിലും നിരവധി ജീവനുകള്‍ നഷ്ടമായിട്ടുണ്ട്. നിര്‍ത്താതെ പെയ്ത മഴ കണ്ടതോടെ കല്‍പ്പറ്റ സ്‌റ്റേഷന്‍ മാസ്റ്റര്‍ സ്‌റ്റേബസിലെ ജീവനക്കാരെ വിളിച്ചിരുന്നു. എന്നാല്‍, ഫോണെടുക്കാത്തതിനാല്‍ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. രാവിലെയാണ് ജീവനക്കാര്‍ വിവരം ധരിപ്പിച്ചത്. പ്രശ്‌നമൊന്നുമില്ലെന്നും, തിരിച്ചു വരാന്‍ കഴിയാത്ത അവസ്ഥയിലാണെന്നുമാണ് അവര്‍ പറഞ്ഞത്.

സ്റ്റേഷന്‍മാസ്റ്റര്‍ പ്രശാന്തിന്റെ വാക്കുകള്‍ ഇങ്ങനെ:

ഇന്നലെ രാത്രിയാണ് സ്റ്റേബസ് മുണ്‌ക്കൈയിലേക്ക് പോയത്. അവിടെ പഴയൊരു ആശുപത്രിയിലാണ് ജീവനക്കാര്‍ ഉറങ്ങുന്നത്. ആശുപത്രി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിയില്ല. ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെ ഞാന്‍ അവരെ വിളിച്ചിരുന്നു. എന്നാല്‍, രണ്ടുപേരും ഫോണെടുത്തില്ല. അപ്പോള്‍ മുതല്‍ വലിയ മാനസിക സംഘര്‍ഷത്തിലായിരുന്നു ഞാന്‍. നിരന്തരം അവരുടെ ഫോണുകളില്‍ വിളിച്ചെങ്കലും കിട്ടിയില്ല. എന്നാല്‍, ഒരു മണിക്കൂര്‍ കഴിഞ്ഞ് നാല് മണിയോടെ അവര്‍ തിരിച്ചു വിളിച്ചു. ഉരുള്‍പൊട്ടിയതോ, ആളുകള്‍ ഒലിച്ചുപോയതോ ഒന്നും അവര്‍ അറിഞ്ഞിരുന്നില്ല. ബസിനും കേടുപാടുകളൊന്നും ഉണ്ടായിട്ടില്ല.

പക്ഷെ, ഉരുള്‍പൊട്ടി ഒലിച്ചുവന്ന സാധനങ്ങളെല്ലാം തങ്ങള്‍ താമസിച്ചിരുന്ന സ്ഥലത്ത് അടിഞ്ഞു കൂടിയിട്ടുണ്ടെന്നും. പാലം ഒലിട്ടു പോയതിനാല്‍ സര്‍വീസ് നടത്താന്‍ കഴിയില്ലെന്നുമാണ് അവര്‍ പറഞ്ഞത്. നിലവിലുള്ള പ്രശ്‌നം അവര്‍ക്ക് ഭക്ഷണം കിട്ടാത്തതാണ്. മുണ്ടക്കൈയിലേക്കുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. രക്ഷപ്രവര്‍ത്തനം പോലും ദുഷ്‌ക്കരമാണ്. ബസ് തിരികെ കല്‍പ്പറ്റയില്‍ എത്തണമെങ്കില്‍ പാലം നിര്‍മ്മിക്കാതെ പറ്റില്ല. അതുവരെ ബസ് സ്ഥിരമായി അവിടെ സ്റ്റേ ആയിരിക്കും. മുണ്ടക്കൈയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് പ്രധാനമായും ഭക്ഷണവും വെള്ളവുമാണ് എത്തിക്കേണ്ടത്. അതിനു വേണ്ടുന്ന നടപടികള്‍ ഉണ്ടാകണമെന്നും സ്റ്റേഷന്‍ മാസ്റ്റര്‍ പറയുന്നു.

 

content highlights; Landslide: Kalpatta-Mundakai KSRTC stay bus stuck; Employees are safe (Special)