വലിയ തയ്യാറെടുപ്പുകളോ പ്ലാനിങ്ങോ ഇല്ലാതെ പെട്ടന്ന് ഒരു യാത്ര പോകാൻ തോന്നാറില്ലേ ? എങ്കിൽ അതിന് പറ്റിയ സ്ഥലമാണ് ബാംഗ്ലൂർ. മാളുകള്‍, സ്ട്രീറ്റ് ഷോപ്പിങ്, സാഹസിക ഇടങ്ങൾ, ട്രെക്കിങ്, ചരിത്രയിടങ്ങൾ, പഴയകാല കെട്ടിടങ്ങൾ എന്നിങ്ങനെ നിരവധി ഇടങ്ങൾ ബെംഗളുരുവിന് ചുറ്റിലുമുണ്ട്. ഇതിനുപുറമെ ആളുകള്‍ക്ക് അത്രയൊന്നും പരിചിതമല്ലാത്ത സ്ഥലങ്ങളുമുണ്ട്. പരിചയപ്പെട്ടാലോ …
ബീമേശ്വരി
പ്രകൃതിസ്നേഹിയാണ് നിങ്ങളെങ്കിൽ ബാംഗ്ലൂരിൽ നിങ്ങൾക്ക് പോകാൻ പറ്റിയ സ്ഥലം ഭീമേശ്വരിയാണ്. ബാംഗ്ലൂരിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഇവിടെ അഡ്വഞ്ചർ ആൻഡ് നേച്ചർ ക്യാംപാണ് പ്രധാനം. എല്ലാ തിരക്കുകളിൽ നിന്നും മാറി പ്രകൃതിയിൽ മാത്രമായി ഒരുദിവസം ചെലവഴിക്കുവാൻ ഭീനേശ്വരി നല്ല ഓപ്ഷനാണ്. മഴയ്ക്കു ശേഷം ഇവിടെ നദി ശക്തിയിൽ ഒഴുകുന്നതിനാൽ പ്രദേശം മൊത്തത്തിൽ ഒരു പച്ചപ്പുണ്ട്. മാണ്ഡ്യ ജില്ലയിലെ ഒരു കുഞ്ഞ് സ്ഥലമാണ് ബീമേശ്വരി.
സാവൻദുർഗ
ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റക്കൽ പാറയായ സാവൻദുർഗ സാഹസിക യാത്രകള്‍ക്ക് പറ്റിയ പ്രദേശമാണ്. ഭീമാകാരമായ പാറയിലൂടെ പിടിച്ച് മുകളിലേക്കുള്ള കയറ്റമാണ് ഇതിന്റെ ആകർഷണം. ട്രെക്കിങും സാഹസിക യാത്രയും താല്പര്യമുള്ളവർക്ക് ഈ പ്രദേശം തിരഞ്ഞെടുക്കാം. ബാംഗ്ലൂരിൽ നിന്നും 60 കിലോമീറ്റര് അകലെയാണ് സാവന്‍ദുർഗ സ്ഥിതി ചെയ്യുന്നത്. പാറക്കെട്ടിനു മുകളിലേക്കുള്ള യാത്ര അല്പം സാഹസികമാണെങ്കിലും മുകളിൽ നിന്നുള്ള കാഴ്ച അതിമനോഹരമാണ്.
നന്ദി ഹിൽസ്
അവസാന നിമിഷം യാത്ര പ്ലാൻ ചെയ്യുന്നവരാണെങ്കിൽ നിങ്ങൾക്ക് ധൈര്യമായി തിരഞ്ഞെടുക്കാവുന്ന സ്ഥലം നന്ദി ഹില്‍സ് തന്നെയാണ്. പുലർച്ചെ മുതൽ വൈകുന്നേരം വരെ യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ കണ്ട് വരാൻ പറ്റിയ സ്ഥമാണ് ചിക്കബെല്ലാപൂരിന് സമീപത്തുളള നന്ദി ഹിൽസ്. മുകളില്‍ നിന്നും താഴേയ്ക്കുള്ള വ്യൂ പോയിന്‍റുകളും കാലാവസ്ഥയും പ്രദേശത്തിന്‍റെ ഭംഗിയും ഒക്കെയായി നടന്നു കാണുവാൻ ഒത്തിരിയുണ്ട് നന്ദി ഹിൽസില്‍.
ഇവിടേക്കുള്ള ട്രെക്കിങ്, ടിപ്പു സുല്‍ത്താന്‍റെ സമ്മർ പാലസ് സന്ദർശനം, ബോഗന്ദീശ്വര ക്ഷേത്ര ദർശനം എന്നിങ്ങനെ കുറേ കാര്യങ്ങള്‍ നന്ദി ഹിൽസ് യാത്രയിൽ നിങ്ങൾക്ക് ചെയ്യുകയും ചെയ്യാം.
ശിവനസമുദ്ര വെള്ളച്ചാട്ടം
നേരവും കാലവും നോക്കാതെ ബെംഗളുരുവിൽ നിങ്ങള്‍ക്ക് പോകാൻ പറ്റിയ ഇടമാണ് ശിവനസമുദ്ര വെള്ളച്ചാട്ടം. ബാംഗ്ലൂരിൽ ഇരിക്കുമ്പോള് ഒരു യാത്ര പോയാലോ എന്ന ആലോചനയ്ക്കുള്ള ഉത്തരമാണ് ശിവനസമുദ്ര വെള്ളച്ചാട്ടം. കാവേരി നദിയുടെ ഭാഗമായ ശിവനസമുദ്ര വെള്ളച്ചാട്ടം ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വെള്ളച്ചാട്ടമാണ്. മാണ്ഡ്യ ജില്ലയുടെയും ചാമരാജനഗര ജില്ലയുടെയും അതിർത്തിയിലാണ് ശിവനസമുദ്ര വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ബാരാ ചുക്കി എന്നും ഗഗനചുക്കി എന്നും വിളിക്കപ്പെടുന്ന രണ്ട് വെള്ളച്ചാട്ടങ്ങൾ ആണ് ഇതിനുളളത്.
ബന്നാർഘട്ട ദേശീയോദ്യാനം
കുട്ടികളെയും കൂട്ടി ബെംഗളുരുവിൽ ഒരു കറക്കം ആലോചിക്കുന്നുണ്ടെങ്കിൽ അവരെ സന്തോഷിപ്പിക്കുന്ന ഇടങ്ങളിലൊന്നാണ് ബന്നാര്‍ഘട്ട ദേശീയോദ്യാനം. വന്യജീവികളെ ഇഷ്ടമുള്ളവർക്കും അവയെ നേരിൽ കാണുവാനും കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുവാനുമൊക്കെ ഇവിടേക്ക് വരാം. പാർക്കിലെ വിവിധ സോണുകളിലൂടെ വ്യത്യസ്ത വന്യജീവികളെ കണ്ടുള്ള ജംഗിൾ സഫാരിയും ബട്ടർഫ്ലൈ പാർക്കും ഒക്കെയാണ് ഇവിടുത്തെ ആകർഷണങ്ങൾ.
content highlights: best-places-for-one-day-trips-from-bengaluru