പ്രകൃതി സ്നേഹികളും സാഹസികപ്രിയരും ഒരുപോലെ വന്നെത്തുന്ന സ്ഥലമാണ് പത്തനംതിട്ട ജില്ലയിലെ ഗവി. സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഒരു പ്രകൃതി സൗഹൃദ വിനോദ സഞ്ചാര പദ്ധതിയാണ് ഇവിടെയുള്ളത്. ഇന്ത്യയില്‍ ഉറപ്പായും കാണേണ്ട പ്രദേശങ്ങളിലൊന്ന് എന്ന പദവിയും ഗവിക്കു ലഭിച്ചിട്ടുണ്ട്. ഒപ്പം ലോകത്തിലെ തന്നെ മുന്‍നിര പ്രകൃതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി ഗവിയെ കേള്‍വികേട്ട വിനോദ സഞ്ചാര സ്ഥാപനമായ അലിസ്റ്റെയര്‍ ഇന്റര്‍നാഷണല്‍ ഉള്‍പ്പെടുത്തിയതോടെ സന്ദര്‍ശകരുടെ വരവും വര്‍ദ്ധിക്കുന്നുണ്ട്.
കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ നടത്തുന്ന ഗവി യാത്രകൾ ഗവിയിലേക്ക് പോകുവാന് ഏറ്റവും യോജിച്ച പാക്കേജാണ്. അധികച്ചെലവുകളൊന്നുമില്ലാതെ ഏറ്റവും കുറഞ്ഞ നിരക്കിൽ ഗവി കണ്ട് ബോട്ടിങ് നടത്തി ഭക്ഷണം കഴിച്ച് വരാനുള്ള പാക്കേജ് ബജറ്റ് ടൂറിസം സെൽ നല്കുന്നു.
ഇപ്പോഴിതാ ഏറ്റവും കുറഞ്ഞ തുകയിൽ ഗവി യാത്ര നടത്തി വരുവാൻ ഒരവസരം നല്കുകയാണ് പത്തനംതിട്ട ബജറ്റ് ടൂറിസം സെൽ. പത്തനംതിട്ട ഡിപ്പോയിൽ നിന്ന് യാത്ര ആരംഭിച്ച് കാടിനുള്ളിലൂടെ അണക്കെട്ടുകൾ കണ്ട് മണിക്കൂറുകൾ യാത്ര ചെയ്ത് കുട്ടവഞ്ചി സവാരിയും നടത്തി ഒടുവിൽ പരുന്തുംപാറ കൂടി കണ്ട് തിരികെ പത്തനംതിട്ടയിലെത്തുന്ന യാത്രയാണിത്. മൂഴിയാർ ഡാം, കക്കി ഡാം റിസർവോയർ, കക്കി ഡാം, എക്കോ പാറ, ആനത്തോട് ഡാം, ഗവി ഡാം, പമ്പാ ഡാം, എന്നിവയും ഈ യാത്രയിൽ കാണാം.
ജൂലൈ 27 ശനിയാഴ്ച രാവിലെ പത്തനംതിട്ട കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് ഗവി കണ്ട് പരുന്തുംപാറ വഴി തിരികെ പത്തനംതിട്ടയിൽ തന്നെ എത്തുന്ന വിധത്തിലാണ് പാക്കേജ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും പത്തനംതിട്ട ബജറ്റ് ടൂറിസം സെല്ലിന്‍റെ 94957 52710, 9995332599, 6238309941, 960505744 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
പത്തനംതിട്ടയിൽ നിന്ന് ആരംഭിക്കുന്ന യാത്രയായതിനാൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് പത്തനംതിട്ടയിലേക്ക് വന്ന് ഇതിൽ പങ്കെടുക്കാം. പുലർച്ചെ പത്തനംതിട്ടയിൽ എത്തുന്ന വിധത്തിൽ കാസർകോഡ്, കണ്ണൂർ തുടങ്ങിയ ജില്ലകളിൽ നിന്നടക്കം കെ എസ് ആർ ടി സി ബസ് സർവീസുകളുണ്ട്. നിരവധി സ്വകാര്യ ബസുകളും സർവീസ് നടത്തുന്നു.
content highlight: gavi-tour-one-day-package