വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുഃഖമറിയിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവും വയനാട് മുന്‍ എംപിയുമായ രാഹുല്‍ ഗാന്ധി. രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പങ്കാളികളാകാന്‍ എല്ലാ യുഡിഎഫ് പ്രവര്‍ത്തകരോടും രാഹുല്‍ ഗാന്ധി അഭ്യര്‍ഥിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായും വയനാട് ജില്ലാ കലക്ടറുമായും സംസാരിച്ചിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് പറഞ്ഞതായും രാഹുല്‍ ഗാന്ധി പറഞ്ഞു.
രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരും ദുരന്തത്തില്‍ ദുഃഖം അറിയിച്ചു. വയനാട്ടില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ അതിയായ വേദനയുണ്ടെന്നും ദുരിതബാധിതരുടെ കുടുംബങ്ങള്‍ക്ക് അഗാധമായ അനുശോചനം അറിയിക്കുന്നതായും ഖാര്‍ഗെ എക്സില്‍ കുറിച്ചു.
എല്ലാ ഏജന്‍സികളുമായും ഏകോപിപ്പിച്ച് ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും ഇരകള്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കാനും സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിക്കുന്നു, ജനങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും എല്ലാ ശ്രമങ്ങളും നടത്തണമെന്നും ഖാര്‍ഗെ പറഞ്ഞു.
ദുരന്തത്തില്‍ അതിയായ ദുഃഖമുണ്ടെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. ദുരന്തത്തില്‍ ഉറ്റവരെ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. തന്റെ പ്രാര്‍ത്ഥനകള്‍ അവര്‍ക്കൊപ്പമുണ്ടെന്നും പ്രിയങ്ക കുറിച്ചു. ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ദുരന്തത്തില്‍ അകപ്പെട്ട എല്ലാവര്‍ക്കും പിന്തുണയും സാന്ത്വനത്തിനും തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യാന്‍ യുഡിഎഫ് പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.