Wayanad

മായയും മര്‍ഫിയും ദുരന്തഭൂമിയിലേക്ക് : രക്ഷാപ്രവര്‍ത്തനത്തിനായി സാധ്യമായതെന്തും ഉപയോഗപ്പെടും | kerala-police-special-dog-maya-murphy-join-wayanad-landslide-rescue

വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ച മലവെള്ള പാച്ചിലില്‍ ഇതുവരെ നഷ്ടമായത് അന്‍പതിനടുത്ത് ജീവനുകളാണ്. ഒരൊറ്റ രാത്രികൊണ്ട് ഒരു നാട് മുഴുവന്‍ ഒലിച്ചുപോയി. രക്ഷാപ്രവര്‍ത്തനത്തിനായി സാധ്യമായതെന്തും ഉപയോഗപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനും നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

എയര്‍ഫോഴ്‌സ്, നാവികസേന ഉള്‍പ്പെടെയുള്ള എല്ലാ സന്നാഹങ്ങളും അപകട സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയിലും മുണ്ടക്കൈയിലും രക്ഷാപ്രവര്‍ത്തനത്തിന് ഡ്രോണുകളും പോലീസ് നായകളെയും ഉപയോഗിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.

ഈ ദുരന്തമുഖത്തും നമുക്ക് പ്രതീക്ഷ നല്‍കുന്നത്, രക്ഷാപ്രവര്‍ത്തനത്തിന് എത്തുന്നത് പൊലീസ് നായ്ക്കളായ മായയും മര്‍ഫിയുമാണ് എന്നുള്ളതാണ്. മണ്ണിനടിയില്‍ നിന്നും 30 അടിയില്‍ നിന്നുവരെ മനുഷ്യശരീരങ്ങള്‍ കണ്ടെത്താന്‍ പരിശീലനം ലഭിച്ച നായ്ക്കളാണ് മായയും മര്‍ഫിയും. പെട്ടിമുടി ദുരന്തസമയത്തും രക്ഷാ ദൗത്യത്തിന് സഹായിച്ച മായയും മര്‍ഫിയും ഇന്ന് ഉച്ചയോടെയായിരിക്കും വയനാട്ടിലെത്തുക. പെട്ടിമുടി ദുരന്തത്തില്‍ നിന്ന് 8 മൃതദേഹങ്ങള്‍ കണ്ടെത്തിയത് മായ എന്ന പൊലീസ് നായയായിരുന്നു.

2020 മാര്‍ച്ചില്‍ സേനയില്‍ ചേര്‍ന്ന ഇവ ബല്‍ജിയന്‍ മലിന്വ ഇനത്തില്‍പ്പെട്ടതാണ്.നായ്ക്കളുമായി പൊലീസ് സംഘം മുണ്ടക്കൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കൊക്കിയാറിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ നിന്ന് നാല് മൃതദേഹങ്ങള്‍ കണ്ടെത്താന്‍ മായയോടൊപ്പം മര്‍ഫിയും ഉണ്ടായിരുന്നു.