തൃശ്ശൂര് ഉള്ളവരോട് തൃശൂർ പൂരം കണ്ടിട്ടുണ്ടോ എന്ന് ചോദിക്കുമ്പോൾ ഇല്ലെന്ന് പറയുന്നത് പോലെയാണ് , കേരളീയരോട് ഇവിടുത്തെ പ്രധാനപ്പെട്ട പലയിടങ്ങളും കണ്ടിട്ടുണ്ടോ എന്ന് ചോദിക്കുന്നത്. മൂന്നാറും തേക്കടിയും ആലപ്പുഴയും തിരുവനന്തപുരവും ഒക്കെ ഈ ലിസ്റ്റിൽ പെടുന്ന സ്ഥലങ്ങൾ ആയിരിക്കും. വിദേശീയർ ഒഴുകിയെത്തുന്ന കേരളത്തിലെ പല സ്ഥലങ്ങളും നമ്മൾ കണ്ടിരിക്കില്ല. എന്നാൽ ഇനി അതോർത്ത് വിഷമിക്കേണ്ട, നമുക്ക് ഐആർസിടിസിയ്ക്കൊപ്പം പോകാം.
കേരളത്തിലെ പ്രധാന കാഴ്ചകൾ കണ്ട് വരാൻ പറ്റിയ ഏറ്റവും മികച്ച പാക്കേജാണിത്. ഗ്രൂപ്പായി കേരളത്തിലെ വിവിധ ഇടങ്ങൾ കറങ്ങാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യം വെച്ചുള്ളതാണ് ഈ പദ്ധതി. എസൻസ് ഓഫ് കേരള എന്നാണ് ഈ പാക്കേജ് അറിയപ്പെടുന്നത്. നാല് പേരുള്ള ഗ്രൂപ്പിന് എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തി പാക്കേജിൽ ഉൾപ്പെട്ടിരിക്കുന്ന സ്ഥലങ്ങള് കണ്ട് വരാം. നാല് പേരിൽ കൂടുതൽ ഉണ്ടെങ്കിലും അതിനനുസരിച്ച് അധികൃതർ യാത്ര പ്ലാൻ ചെയ്തു തരും.
ജൂലൈ മുതൽ നവംബർ വരെ തിരഞ്ഞെടുത്ത തിയതികളിലാണ് ഈ യാത്ര സംഘടിപ്പിക്കുന്നത്. നാല് പേര് ഉള്ള യാത്രയ്ക്ക് സെപ്റ്റംബർ 24 വരെ ഒരാൾക്ക് ട്രിപ്പിൾ ഷെയറിങ്ങിൽ 29,335/- രൂപാ മുതലാണ് നിരക്ക്. സെപ്റ്റംബർ 25 മുതൽ ഈ നിരക്ക് 31,845/ രൂപയിലേക്ക് ഉയരും.
കേരളത്തെ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാക്കുന്ന ഇടങ്ങളെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. ഏഴ് രാത്രിയും എട്ട് പകലും നീണ്ടു നിൽക്കുന്ന യാത്രയിൽ മൂന്നാറിന്‍റെ ഭംഗിയും പെരിയാർ വന്യജീവി സങ്കേതത്തിന്‍റെ വന്യതയും ആലപ്പുഴയിലെ കായലിലൂടെ കെട്ടുവള്ളത്തിൽ യാത്രയും തിരുവനന്തപുരത്തിന്‍റെ രാജകീയതും മാത്രമല്ല, കന്യാകുമാരിയിലെ സൂര്യാസ്തമയവും കൊച്ചിയുടെ കാണാകാഴ്ചകളും ഒരുക്കിയിട്ടുണ്ട്.
എട്ടു പകൽ നീണ്ടു നിൽക്കുന്ന യാത്രയിൽ ഒന്നാം ദിവസം നിങ്ങളെ കൊച്ചിയിൽ നിന്നും സ്വീകരിക്കുന്നതോടെ യാത്ര തുടങ്ങുന്നു. കൊച്ചി ഡച്ച് പാലസ്, ജൂതന്മാരുടെ സിനഗോഗ്, ഫോർട്ട് കൊച്ചി സെന്‍റ് ഫ്രാൻസീസ് ചർച്ച്, സാന്‍റാക്രൂസ് ബസലിക്ക, മറീനയില് ബോട്ട് യാത്ര എന്നിവ ആസ്വദിച്ച് രാത്രി കൊച്ചിയിൽ താമസം. പിറ്റേന്ന് രാവിലെ മൂന്നാറിലേക്ക് പോകും. ഇവിടെ ടീ മ്യൂസിയം, മൂന്നാര്‍ ടൗൺ എന്നിവിടങ്ങളാണ് ഈ ദിവസം കാണുന്നത്.
മൂന്നാം ദിവസം മൂന്നാർ കറക്കമാണ്. ഇരവികുളം ദേശീയോദ്യാനം, മാട്ടുപ്പെട്ടി ഡാം, എക്കോ പോയിന്‍റ് തുടങ്ങിയ സ്ഥലങ്ങളാണ് ഈ ദിവസം കാണുന്നത്. നാലാം ദിവസം രാവിലെ മൂന്നാറിൽ നിന്ന് തേക്കടിയിലേക്ക് പോകും. ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത ശേഷം ഉച്ചകഴിഞ്ഞ് പെരിയാർ വന്യജീവി സങ്കേതത്തിൽ ബോട്ടിങ് നടത്താം. രാത്രി തേക്കടിയിലെ ഹോട്ടലിൽ താമസം. അഞ്ചാം ദിവസം തേക്കടിയിൽ നിന്ന് ആലപ്പുഴയ്ക്ക് പോകും. യാത്രയിൽ കുമരകം പക്ഷി സങ്കേതം, വേമ്പനാട് തടാകത്തിൽ ബോട്ടിങ് എന്നിവ നടത്തും. രാത്രിയിൽ ഹൗസ് ബോട്ടിലായിരിക്കും താമസം. ആറാം ദിവസം ആലപ്പുഴയില് നിന്ന് തിരുവനന്തപുരത്തിന് പോകും. വൈകിട്ട് കോവളം ബീച്ച് കാണാനായി പോകാം.
ഏഴാം ദിവസം രാവിലെ ഭക്ഷണം കഴിച്ച് കന്യാകുമാരിയിലേക്ക് പോകും. കന്യാകുമാരി, വിവേകാനന്ദ റോക്ക് മെമ്മോറിയൽ, ഗാന്ധി മണ്ഡപം, കുമാരി അമ്മൻ ക്ഷേത്രം, സൂര്യാസ്തമയം എന്നിവ കണ്ട് രാത്രി തിരുവനന്തപുരത്തിന് മടങ്ങും. എട്ടാം ദിവസം തിരുവനന്തപുരത്ത് പത്മനാഭ സ്വാമി ക്ഷേത്രം, കുതിര മാളിക, പാലസ് മ്യൂസിയം, നേപ്പിയർ മ്യൂസിയം, എന്നിവ കണ്ട് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും.
യാത്രയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 8287931959, 8287932117 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
content highlight: explore-the-essence-of-kerala