കോഴിക്കോട് ജില്ലയിലെ വടകര താലൂക്കില്‍ പെട്ട വിലങ്ങാട് മലയങ്ങാട് ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാളെ കാണാതായി. എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്. ഉരുള്‍പൊട്ടലില്‍ മലയങ്ങാട് പാലം ഒലിച്ചു പോയി. പുഴയുടെ തീരത്തുള്ള നാലു വീടുകള്‍ ഭാഗികമായി തകര്‍ന്നു. പാലം തകര്‍ന്നതിനെ തുടര്‍ന്ന് 15 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. പുഴയുടെ തീരങ്ങളിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചു. എന്‍ഡിആര്‍എഫ് സംഘം രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയാണ്.
കൈതപ്പൊയില്‍ – ആനോറമ്മല്‍ വള്ളിയാട് റോഡിലുണ്ടായ മണ്ണിടിച്ചിലില്‍ 80 മീറ്ററോളം റോഡ് മണ്ണിനടയിലായി. ഇവിടെ നിന്ന് ഏഴു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കുറ്റിയാട് മരുതോങ്കര വില്ലേജില്‍ പശുക്കടവ് ഭാഗത്തും ഉരുള്‍പൊട്ടലുണ്ടായി. കടന്തറ പുഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പൃക്കന്തോട്, സെന്റര്‍ മുക്ക്, പീടികപ്പാറ പ്രദേശത്തുള്ള പുഴയോരവാസികളെ നെല്ലിക്കുന്ന് ഷെല്‍ട്ടറിലേക്ക് മാറ്റി. കക്കയം ഡാമില്‍ ജലനിരപ്പ് ക്രമാതീതമായി കൂടിയതിനാല്‍ രണ്ട് ഷട്ടറുകളും വിവിധ ഘട്ടങ്ങളിലായി നാലടി വീതം ഉയര്‍ത്തി. കുറ്റ്യാടിപ്പുഴയുടെ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ശക്തമായ മഴയെത്തുടര്‍ന്ന് പൂനൂര്‍ പുഴ, മാഹിപ്പുഴ, കുറ്റ്യാടിപ്പുഴ, ചാലിയാര്‍, ചെറുപുഴ എന്നിവയിലെ ജലനിരപ്പ് അപകട നിലയിലെത്തി. തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കി. മഴ ശക്തമായ സാഹചര്യത്തില്‍ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ ആകെ 41 ക്യാംപുകളിലായി 196 കുടുംബങ്ങളിലെ 854 ആളുകളാണ് കഴിയുന്നത്. നൂറുകണക്കിനാളുകളെ ബന്ധുവീടുകളിലേക്ക് മാറ്റി. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളോട് മാറിത്താമസിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ദുരിതാശ്വാസ ക്യാംപുകള്‍:
കോഴിക്കോട് താലൂക്ക്- 24 (298 പേര്‍)
വടകര താലൂക്ക്- 2 (21 പേര്‍)
കൊയിലാണ്ടി താലൂക്ക് 7 (161 പേര്‍)
താമരശ്ശേരി താലൂക്ക് – 8 (374 പേര്‍).
CONTENT HIGH LIGHTS;Kozhikode Vilangat Landslide: One Missing; 15 families were stranded