Kerala

ദുഷ്‌കരമായി രക്ഷാദൗത്യം ; കുന്നിന്റെ മുകളിലും റിസോര്‍ട്ടിലുമായി കുടുങ്ങിക്കിടക്കുന്നത് 250 ഓളം പേര്‍ | Difficult rescue mission; Around 250 people are stuck on the hilltop and in the resort

ഉരുള്‍പൊട്ടുലണ്ടായ മുണ്ടക്കൈയില്‍ ഇപ്പോഴും 250 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കുന്നിന്റെ മുകളിലും റിസോര്‍ട്ടിലുമാണ് അവര്‍ കുടുങ്ങിക്കിടക്കന്നത്. അവരില്‍ വിദേശികളും ഉണ്ടെന്നാണ് വിവരം. ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാല്‍ അവിടേക്ക് എത്തിപ്പെടാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. ഇതോടെ പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ടു. വ്യോമസേന സുലൂരില്‍ നിന്ന് രണ്ട് ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി അയച്ചിട്ടുണ്ടെങ്കിലും കാലാവസ്ഥ പ്രതികൂലമായി നില്‍ക്കുന്നത് എയര്‍ലിഫ്റ്റിങിനും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മുണ്ടക്കൈയില്‍ മാത്രം നൂറോളം കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്.

എന്‍ഡിആര്‍എഫിന്റെ 5 പേരടങ്ങുന്ന ചെറുസംഘത്തിന് മാത്രമാണ് ഇതുവരെ മുണ്ടക്കൈയിലെത്താനായത്. പുഴയ്ക്ക് കുറുകെ കെട്ടിയ വടത്തിലൂടെയാണ് ഉദ്യോഗസ്ഥര്‍ പുഴ കടന്ന് അക്കരെ എത്തിയത്. ഇവിടുത്തെ ദുരന്തത്തിന്റെ വ്യാപ്തി ഇതുവരെ പുറത്തുവന്നിട്ടില്ല. നിലവില്‍ ചൂരല്‍മല കേന്ദ്രീകരിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് കോഴിക്കോട്ടുനിന്നുള്ള 150 അംഗ സൈനികസംഘം ചൂരല്‍മലയിലെത്തി. ഇവര്‍ മുണ്ടക്കൈയിലേക്ക് താല്‍ക്കാലിക പാലം നിര്‍മിക്കാനുള്ള സാധ്യതകള്‍ തിരയുകയാണ്. കണ്ണൂര്‍ ഡിഫന്‍സ് സെക്യൂരിറ്റി കോറിലെ 160 പേരടങ്ങുന്ന സംഘവും ബംഗളൂരുവില്‍നിന്ന് സൈന്യത്തിന്റെ മദ്രാസ് എന്‍ജിനീയറിങ് ഗ്രൂപ്പും (എംഇജി) വയനാട്ടില്‍ എത്തും.

ഉരുള്‍പൊട്ടലില്‍ പാലം തകര്‍ന്ന സാഹചര്യത്തില്‍ ബദല്‍ സംവിധാനം അടക്കമുള്ള കാര്യങ്ങളാണ് സൈന്യത്തിന്റെ എന്‍ജിനീയറിങ് വിഭാഗം നടപ്പാക്കുക. രക്ഷാപ്രവര്‍ത്തനത്തിന് ഡ്രോണുകളും പൊലീസ് നായകളെയും ഉപയോഗിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. പൊലീസിന്റെ ഡ്രോണുകള്‍ വിന്യസിച്ച് തിരച്ചില്‍ നടത്താനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനത്തിന് ഡോഗ് സ്‌ക്വാഡും രംഗത്തിറങ്ങും. വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നതും മഴ തുടരുന്നതും ആശങ്ക വര്‍ധിപ്പിക്കുകയാണ്.