രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ എത്തുമെന്നാണ് പ്രതീക്ഷയില്‍ മുണ്ടക്കൈയിലെ ട്രീവാലി റിസോര്‍ട്ടില്‍ കുടുങ്ങിയിരിക്കുന്നത് 200 ഓളം പേര്‍. കൂട്ടത്തിലുള്ള പലര്‍ക്കും ഗുരുതരമായി പരിക്കേറ്റിരിക്കുകയാണെന്നും ഇവരെ ഉടന്‍ ആശുപത്രിയിലെത്തിക്കേണ്ടതുണ്ടെന്നും റിസോര്‍ട്ടില്‍ കുടുങ്ങിയവര്‍ പറഞ്ഞു. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മുണ്ടക്കൈയിലേയും ചൂരല്‍മലയിലേയും പലയിടങ്ങളിലായി 250 ഓളം പേരാണ് കുടുങ്ങിക്കിടക്കുന്നത്. കനത്ത മഴയും ചെളിയും മണ്ണും പാറക്കഷ്ണങ്ങളും മൂലം രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി തുടരുകയാണ്. സൈന്യത്തിന്റേയും എന്‍ടിആര്‍എഫിന്റേയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. ഇന്നലെ രാത്രി രണ്ട് മണി മുതലാണ് റിസോര്‍ട്ടില്‍ എത്തിയവര്‍ കുടുങ്ങിയിരിക്കുന്നത്. സംഘത്തില്‍ പ്രായമായവും കുട്ടികളും സ്ത്രീകളും ഒരുപാട് രോഗികളുമെല്ലാമുണ്ട്. എങ്ങോട്ടും പോകാന്‍ പറ്റുന്നില്ലെന്ന് അസ്വാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒരു റൂമിനുള്ളില്‍ തിങ്ങിക്കഴിയുകയാണ് ഞങ്ങള്‍. അപകടത്തില്‍പെട്ട നിരവധി പേരെ രക്ഷപ്പെടുത്തി എത്തിച്ചിട്ടുണ്ട്. വളരെ ഗുരുതരമായി പരിക്കേറ്റവരുടെ മുറിവ് വൃത്തിയാക്കാന്‍ ചെയ്യാന്‍ മാത്രമേ ഞങ്ങളെകൊണ്ട് ഇപ്പോള്‍ സാധിക്കുകയുള്ളൂ. അവരെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ പറ്റിയില്ലെങ്കില്‍ കുറേ മരണങ്ങള്‍ കാണേണ്ടിവരും. ഇന്നലെ മുതല്‍ ഈ നേരം വരെ ജലപാനം കഴിച്ചിട്ടില്ല. ഒരു കുടുംബത്തിലെ തന്നെ പത്തും പതിനൊന്നും പേരെയാണ് കാണാതായിരിക്കുന്നത്. രക്ഷപ്പെടുത്താന്‍ ആളുകള്‍ വരുമെന്ന് കേള്‍ക്കുന്നുണ്ടെങ്കിലും ആരും ഇതുവരെ എത്തിയിട്ടില്ല. പലരും വിളിക്കുന്നുണ്ട്. മരണം മുന്നില്‍ കണ്ടാണ് ഞങ്ങള്‍ പിടിച്ചുനില്‍ക്കുന്നത്’, അസ്വാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കനത്ത മഴ പെയ്യുന്ന രാത്രിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും മനസ്സിലായില്ല. ഉറക്കത്തില്‍ നിന്ന് ഞെട്ടി ഉണര്‍ന്നപ്പോള്‍ പലരും കഴുത്തറ്റം ചെളിയില്‍ മുങ്ങിയിരുന്നു. രണ്ടരയോടെയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത് ജനം അറിഞ്ഞു തുടങ്ങിയത്. കനത്തമഴയും ഇരുട്ടും കാരണം എന്താണ് സംഭവിച്ചതെന്നോ ദുരന്തത്തിന്റെ വ്യാപ്തിയോ മനസ്സിലാക്കാന്‍ സാധിച്ചില്ല. എങ്ങും ചെളിയും വെള്ളവും മാത്രമായിരുന്നു. നേരം വെളുത്തപ്പോളാണ് ചൂരല്‍ മല അങ്ങാടി തന്നെ ഏറെക്കുറെ മണ്ണിനടിയിലായ വിവരം പുറം ലോകം അറിയുന്നത്. ചൂരല്‍ മല സ്‌കൂളിനോട് ചേര്‍ന്ന് പുഴ ഒഴുകുന്നുണ്ട്. മലവെള്ളപ്പാച്ചിലില്‍ പുഴ ഗതിമാറി ഒഴുകി. സ്‌കൂളിന്റെ പകുതിയോളം ഭാഗം വെള്ളത്തിനടിയിലായി. സാധാരണക്കാരും തോട്ടം തോഴിലാളികളും പാര്‍ക്കുന്ന സ്ഥലമാണ് ചൂരല്‍മല. ഹാരിസണ്‍സ് തേയില എസ്റ്റേറ്റ് കമ്പനിയുെട സ്ഥലമാണ് ചൂരല്‍മലയിലെ ഭൂരിഭാഗവും. എത്രപേര്‍ മരിച്ചെന്നോ എത്രപേര്‍ കാണാതായന്നോ നിലവില്‍ യാതൊരു ധാരണയുമില്ലാത്ത അവസ്ഥയാണ്.