Kerala

വയനാട്ടില്‍ 24 മണിക്കൂറില്‍ പെയ്തത് 300 മില്ലി മീറ്റര്‍ മഴ-Wayanad received 300 mm of rain in 24 hours

വയനാട് ജില്ലയിലെ വിവിധയിടങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ തകര്‍ത്ത് പെയ്തത് 300 മില്ലിമീറ്ററിലേറെ മഴ. മക്കിയാട്, ചെമ്പ്ര, സുഗന്ധഗിരി, ലക്കിഡി, ബാണാസുര കണ്‍ട്രോള്‍ ഷാഫ്റ്റ്, നിരവില്‍പ്പുഴ, പുത്തുമല, പെരിയ അയനിക്കല്‍, തേറ്റമല എന്നിവിടങ്ങളിലെ മഴമാപിനികളിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ 300 മില്ലിമീറ്ററിന് മുകളില്‍ മഴ രേഖപ്പെടുത്തിയത്. ഇതില്‍ തേറ്റമലയില്‍ മാത്രം 409 മില്ലിമീറ്റര്‍ മഴയാണ് 24 മണിക്കൂറിനിടെ പെയ്തത്. പലയിടങ്ങളിലും മുന്‍ദിവസത്തേക്കാള്‍ ഇരട്ടിയിലേറെ മഴയാണ് പെയ്തതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. തിങ്കളാഴ്ച 115 മില്ലിമീറ്റര്‍ മഴ മാത്രം പെയ്ത തേറ്റ മലയില്‍ ചൊവ്വാഴ്ചയായപ്പോള്‍ മൂന്നര ഇരട്ടിയോളം മഴയാണ് പെയ്തത്. കഴിഞ്ഞ അഞ്ചുദിവസത്തെ കണക്കുകള്‍ പരിശോധിക്കുമ്പോഴും തേറ്റമലയില്‍ തന്നെയാണ് കൂടുതല്‍ മഴ പെയ്തത്. അഞ്ചുദിവസത്തിനിടെ 951 മില്ലിമീറ്റര്‍ മഴയാണ് തേറ്റമലയില്‍ പെയ്യത്. വയനാട്ടില്‍ നാല് ദിവസം കുറഞ്ഞ തോതില്‍ പെയ്ത മഴ കഴിഞ്ഞ ഒറ്റരാത്രി കൊണ്ടാണ് കുത്തനെ ഉയര്‍ന്നത് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ചൂരല്‍മലയില്‍ ഉരുള്‍പൊട്ടി ഇത്ര വലിയ ദുരന്തമുണ്ടാകാന്‍ കാരണവും കുറഞ്ഞ സമയത്തിനിടെ ഇത്ര വലിയ തോതില്‍ പെയ്ത മഴയാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ രണ്ടാഴ്ചക്കാലമായി ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരളം വരെ സജീവമായി നിലനിന്നിരുന്ന ന്യൂനമര്‍ദപാത്തി കാരണമാണ് കൊങ്കണ്‍ മേഖലയുള്‍പ്പെടെ വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ ലഭിച്ചത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് മേഖലകളില്‍ ഒരാഴ്ച ശരാശരി ലഭിക്കേണ്ട മഴയേക്കാള്‍ 50 മുതല്‍ 70% വരെ മഴയാണ് കഴിഞ്ഞയാഴ്ച അധികം ലഭിച്ചത്. അതിനൊപ്പമാണ് കഴിഞ്ഞ രാത്രി അതിതീവ്ര മഴയും പെയ്തത്. 24 സെന്റീമീറ്ററിനു മുകളിലാണ് ഇന്നലെ പെയ്ത മഴ. 2019ല്‍ ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറ, പുത്തുമല മേഖലകള്‍ക്ക് മൂന്നു കിലോമീറ്റര്‍ മാത്രം അകലെയാണ് മുണ്ടക്കൈയും ചൂരല്‍മലയും. പൊതുവേ മണ്ണിടിച്ചില്‍ സാധ്യതയുള്ള അതീവ പരിസ്ഥിതി ലോല മേഖലയാണിത്. അതിനൊപ്പം കനത്തമഴ കൂടിയായതാണ് ഉരുള്‍ പൊട്ടലിന് കാരണം.