വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ രക്ഷാ പ്രവര്‍ത്തനത്തിനായി വ്യോമസേനയുടെ ഹെലികോപ്ടര്‍ എത്തി. ചൂരല്‍മലയില്‍ കുടുങ്ങിക്കിടന്നവരെ എയര്‍ലിഫ്റ്റ് ചെയ്ത് പുറത്തെത്തിച്ചു. നാല് രോഗികളെയാണ് ഇതുവരെ ഹെലികോപ്റ്ററില്‍ കയറ്റിയിരിക്കുന്നത്. ഇവരെ സുല്‍ത്താന്‍ ബത്തേരിയിലെ ആശുപത്രിയിലേക്ക് എത്തിക്കും. പരിക്കേറ്റവരെയും അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവരെയുമാണ് എയര്‍ ലിഫറ്റ് ചെയ്തത്. സൈന്യം താല്ക്കാലികമായി നിര്‍മിച്ച പാലത്തിലൂടെ കുടുങ്ങിക്കിടന്ന ആളുകളെ പുറത്തേക്ക് എത്തിച്ചുതുടങ്ങി. അതിസാഹസികമായാണ് വ്യോമസേനയുടെ ഹെലികോപ്ടര്‍ സ്ഥലത്ത് ലാന്റ് ചെയ്തത്.
ഉച്ചയോടെ രക്ഷാപ്രവര്‍ത്തനത്തിന് എയര്‍ ലിഫ്റ്റിങ് സാധ്യത പരിശോധിക്കാനെത്തിയ 2 ഹെലികോപ്റ്ററുകള്‍ കാലാവസ്ഥ പ്രതികൂലമായതോടെ വയനാട്ടില്‍ ഇറങ്ങാനാകാതെ തിരിച്ചുപോയി. കോഴിക്കോട്ടേക്ക് ഹെലികോപ്റ്ററുകള്‍ തിരികെപ്പോയതോടെ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലായി. ഹെലികോപ്റ്റര്‍ വീണ്ടും ഇറങ്ങാന്‍ ശ്രമിക്കുമെന്ന് വ്യോമസേന അറിയിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് കോഴിക്കോട്ടുനിന്നുള്ള 150 അംഗ സൈനികസംഘം ചൂരല്‍മലയിലെത്തി. ഇവര്‍ മുണ്ടക്കൈയിലേക്ക് താല്‍ക്കാലിക പാലം നിര്‍മിക്കാനുള്ള സാധ്യതകള്‍ തിരയുകയാണ്. കണ്ണൂര്‍ ഡിഫന്‍സ് സെക്യൂരിറ്റി കോറിലെ 160 പേരടങ്ങുന്ന സംഘവും ബെംഗളൂരുവില്‍നിന്ന് സൈന്യത്തിന്റെ മദ്രാസ് എന്‍ജിനീയറിങ് ഗ്രൂപ്പും (എംഇജി) വയനാട്ടില്‍ എത്തും. ഉരുള്‍പൊട്ടലില്‍ പാലം തകര്‍ന്ന സാഹചര്യത്തില്‍ ബദല്‍ സംവിധാനം അടക്കമുള്ള കാര്യങ്ങളാണ് സൈന്യത്തിന്റെ എന്‍ജിനീയറിങ് വിഭാഗം നടപ്പാക്കുക. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം റവന്യു സെക്രട്ടറി സൈന്യത്തിന്റെ കേരള – കര്‍ണാടക ചുമതലയുള്ള മേജര്‍ ജനറല്‍ വി.ടി. മാത്യൂസുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ചൂരല്‍മലയില്‍നിന്ന് മൂന്നര കിലോമീറ്റര്‍ അകലെയാണ് മുണ്ടക്കൈ. ആളുകളെ ജീപ്പുമാര്‍ഗം പുഴക്കരയിലെത്തിച്ച് വടത്തിലൂടെ പുഴകടത്തി ആശുപത്രിയിലേക്കും സുരക്ഷിത സ്ഥാനങ്ങളിലേക്കും മാറ്റും. ചൂരല്‍മലയില്‍ മന്ത്രിമാരുടെ സംഘവും രക്ഷാപ്രവര്‍ത്തകസംഘവും തമ്മില്‍ ചര്‍ച്ച നടത്തി.