Kerala

വയനാട് ഉരുൾപൊട്ടൽ: 51 പേരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചു

കൽപ്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടലിൽ മരിച്ച 51 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചു. മേപ്പാടിയിലും നിലമ്പൂരിലുമായാണ് ഇത്രയും മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം നടത്തിയത്. നടപടികള്‍ വേഗത്തിലാക്കാന്‍ വയനാടിലുള്ള ഫോറന്‍സിക് സംഘത്തെ കൂടാതെ കോഴിക്കോട് നിന്നുള്ള ഫോറന്‍സിക് ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ കൂടി നിയോഗിച്ചിട്ടുണ്ട്.

തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ജനിതക പരിശോധനകള്‍ നടത്താനുള്ള സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. അധിക മോര്‍ച്ചറി സൗകര്യങ്ങളും മൊബൈല്‍ മോര്‍ച്ചറി സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ദുരിത ബാധിത പ്രദേശങ്ങളിൽ താത്ക്കാലിക ആശുപത്രികള്‍ സജ്ജമാക്കി വരുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ചൂരല്‍മലയില്‍ മദ്രസയിലും പള്ളിയിലും താത്ക്കാലിക ക്ലിനിക്കും സജ്ജമാക്കിയിട്ടുണ്ട്. പ്രദേശത്തെ പോളിടെക്‌നിക്കിലെ താത്കാലിക ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു. ജില്ലയിലെ ആശുപത്രികളില്‍ അധിക സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. വയനാട്ടിൽ അധികമായി ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിച്ചു.

കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള ടീമിനെ വയനാട്ടിലേക്ക് അയച്ചിട്ടുണ്ട്. കോഴിക്കോട്ട് നിന്നുള്ള രണ്ട് ടീം സ്ഥലത്തെത്തിയിട്ടുണ്ട്. സര്‍ജറി, ഓര്‍ത്തോപീഡിക്‌സ്, കാര്‍ഡിയോളജി, സൈക്യാട്രി, ഫോറന്‍സിക് തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടര്‍മാരെയും നഴ്‌സുമാരേയും അധികമായി നിയോഗിച്ചു. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരുടെ സംഘത്തേയും നിയോഗിച്ചിട്ടുണ്ട്. ദുരന്ത മേഖലകളില്‍ പ്രവര്‍ത്തന പരിചയമുള്ള ഡോക്ടര്‍മാരുടെ സംഘവും സ്ഥലത്ത് എത്തുമെന്നും മന്ത്രി അറിയിച്ചു.

ടെലിഫോണ്‍ വഴിയുള്ള കൗണ്‍സലിങ്ങിനും മറ്റു മാനസികാരോഗ്യ സേവനങ്ങള്‍ക്കുമായി ‘ടെലി മനസ്’ ശക്തിപ്പെടുത്തി. ടെലി മനസ് ടോള്‍ഫ്രീ നമ്പരില്‍ (14416) 24 മണിക്കൂറും സേവനം ലഭ്യമാക്കി. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ ആരംഭിച്ച സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം 24 മണിക്കൂറാക്കി. 0471 2303476, 0471 2300208 എന്നീ നമ്പരുകളില്‍ വിളിക്കാമെന്നും മന്ത്രി അറിയിച്ചു.

മുണ്ടക്കൈ ദുരന്തത്തിൽ​പെട്ട 52 പേരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചു. ശരീരഭാഗങ്ങൾ തിരിച്ചറിയാൻ ഡി.എൻ.എ ടെസ്റ്റ് നടത്തും. ഇതിന് ശേഷമാകും വയനാട്ടിലേക്ക് കൊണ്ടുപോവുക.

ആശുപത്രിയിൽ പേ വാർഡുകൾ ഒഴിവാക്കിയാണ് മൃതദേഹങ്ങൾ സൂക്ഷിക്കാൻ സൗകര്യം ഒരുക്കിയത്. പരമാവധി ഫ്രീസറുകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരും നാട്ടുകാരും സന്നദ്ധപ്രവർത്തകരും ഉണർന്നുപ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

മൃതദേഹങ്ങൾക്കായി ചാലിയാർ പുഴയിൽ വലിയരീതിയിലുള്ള തിരച്ചിലാണ് നടത്തുന്നത്. മാവൂർ വരെയുള്ള ഭാഗങ്ങളിൽ തിരച്ചിൽ നടത്തുമെന്ന് പി.വി. അൻവർ എം.എൽ.എ നേരത്തെ അറിയിച്ചിരുന്നു.