തിരുവനന്തപുരം: വയനാട്ടില്‍ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ അകപ്പെട്ടവരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരള ബാങ്ക് 50 ലക്ഷം രൂപ ഇന്നുതന്നെ നല്‍കിയിട്ടുണ്ട്. സിയാല്‍ രണ്ടു കോടി രൂപ വാഗ്ദാനം ചെയ്തു. തമിഴ്നാട് മുഖ്യമന്ത്രി അഞ്ചു കോടി രൂപ സഹായം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ദുരന്തബാധിതരെ സഹായിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി സംസ്ഥാന സർക്കാർ എല്ലാവിധ നടപടികളും സ്വീകരിച്ചു വരുന്നുണ്ട്. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവർക്ക് മറ്റ് എന്ത് പകരം നൽകിയാലും അത് മതിയാകില്ല. എങ്കിലും ദുരിതത്തിൽ സർവതും നഷ്ടപ്പെട്ടവരെ കൈപിടിച്ചുയർത്തേണ്ടതുണ്ട്. 2018 ൽ പ്രളയം ഉണ്ടായപ്പോൾ കേരളമൊട്ടാകെ ഒറ്റക്കെട്ടായി ദുരന്തബാധിതരെ സഹായിക്കാൻ തയ്യാറായി. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് സഹായഹസ്തം ആ ഘട്ടത്തിൽ നീണ്ടു.
അതുപോലെതന്നെ വയനാട്ടിൽ ഇപ്പോൾ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ എല്ലാവിധത്തിലും സഹായിക്കാൻ നാം ഒരുമിച്ച് ഇറങ്ങേണ്ട സാഹചര്യമാണ്. പല വിധത്തിൽ സഹായങ്ങൾ പ്രഖ്യാപിച്ച് ഇതിനോടകം പലരും മുന്നോട്ടുവന്നിട്ടുണ്ടെങ്കിലും അതൊന്നും മതിയാകില്ല. കൂടുതൽ സഹായങ്ങൾ ഉണ്ടെങ്കിൽ മാത്രമേ എല്ലാ തരത്തിലും നമുക്ക് ആ നാടിനെ പുനർനിർമ്മിക്കാൻ സാധിക്കുകയുള്ളൂ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്കി അവരെ സഹായിക്കാന്‍ പങ്കാളികളാകണമെന്ന് എല്ലാവരോടും അഭ്യാര്‍ഥിക്കുന്നു’, മുഖ്യമന്ത്രി പറഞ്ഞു.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദുരന്തം ഉണ്ടായ സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനത്തിന് തടസ്സം ഉണ്ടാക്കുന്ന വിധത്തില്‍ കാഴ്ച കാണാന്‍ പോകുന്ന പ്രവണത ആളുകള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.