Kerala

വയനാട് ഉരുൾപൊട്ടൽ; മരണസംഖ്യ 120 ആയി, 98 പേരെ കാണാതായി

മേപ്പാടി: വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 120 ആയി. ഇതില്‍ 48 പേരുടെ മൃതദേഹം മാത്രമാണ് തിരിച്ചറിഞ്ഞത്. മൃതദേഹത്തിൽ ചിലത് ചിന്നിച്ചിതറിയ നിലയിലാണ്. അപകടം ഉണ്ടായ സ്ഥലത്ത് നിന്ന് കിലോ മീറ്റുകള്‍ അകലെ നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്ത് ചാലിയാര്‍ പുഴയിലൂടെ മൃതദേഹം ഒഴുകിയെത്തിയ അവസ്ഥയും ഉണ്ടായി. നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിൽ 42 മൃതദേഹമാണുള്ളത്. ഇതിൽ 16 എണ്ണം ശരീരഭാഗമാണ്. 98 പേരെ കാണാതായി. 131 പേര്‍ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

ചൂരല്‍മലയും മുണ്ടക്കൈയും കേന്ദ്രീകരിച്ച് നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സൈന്യം ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. മുണ്ടക്കൈ മേഖലയില്‍ നിരവധിപേര്‍ ഇപ്പോഴും കുടുങ്ങികിടക്കുന്നതായാണ് വിവരം. ഇവരെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ളതാണ് ഏറ്റവും വലിയ വെല്ലുവിളി.

അതിനിടെ, മുണ്ടക്കൈയില്‍ കുടുങ്ങിയ നൂറോളം പേരെ സൈന്യം കണ്ടെത്തി. രക്ഷാപ്രവര്‍ത്തനം സുഗമമാക്കാനായി സൈന്യത്തിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് താത്കാലിക പാലം നിര്‍മിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. താത്കാലിക പാലം നിര്‍മിക്കാനുള്ള ഉപകരണങ്ങള്‍ ഡല്‍ഹിയില്‍നിന്നും ചെന്നൈയില്‍നിന്നും വിമാനമാര്‍ഗം കോഴിക്കോട് എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.