ഹിമാലയത്തിലെ ഏറ്റവും മനോഹരമായ താഴ്‌വരകളിൽ ഒന്നാണ് കിന്നൗർ. ഹിമാചൽ പ്രദേശിലെ 12 ജില്ലകളിൽ ഒന്നായ ഇത് മികച്ച ആപ്പിൾത്തോട്ടങ്ങൾ, പ്രാദേശിക വാസ്തുവിദ്യ, സമൃദ്ധമായ ആൽപൈൻ പുൽമേടുകൾ, പൈൻ മരങ്ങൾ എന്നിവയാൽ സമ്പന്നമാണ്. താഴ്വരയിൽ ആകർഷകമായ നിരവധി ട്രെക്കിങ് റൂട്ടുകളുണ്ട്. കിന്നൗർ പർവതനിരകളുടെ അതിമനോഹരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്ന യുല്ല കാണ്ഡ ട്രെക്ക് അതിലൊന്നാണ്. എന്നാൽ ഈ ട്രെക്ക് വ്യത്യസ്തമാകുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ സ്ഥലത്ത് സ്ഥിതിചെയ്യുന്ന കൃഷ്ണ ക്ഷേത്രത്തിലേക്കാണ് ഈ ട്രെക്കിങ്. കിന്നൗർ പർവ്വതനിരകളുടെ അതിമനോഹരമായ കാഴ്ചകൾ ആസ്വദിച്ച് ഒരു ആത്മീയ യാത്ര നടത്താം. സമുദ്രനിരപ്പിൽ നിന്ന് 12,000 അടി ഉയരത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ തടാകം, വനവാസകാലത്ത് പാണ്ഡവർ സൃഷ്ടിച്ചതാണെന്നു വിശ്വസിക്കപ്പെടുന്നു.
ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയിലെ റോറ താഴ്‌വരയിലാണ് യുല്ല കാണ്ഡ. കാട്ടുപൂക്കളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ പാതകളിലൂടെ നടന്ന്, മികച്ച പ്രാദേശിക വിഭവങ്ങൾ പരീക്ഷിച്ച്, മഞ്ഞുമൂടിയ കൊടുമുടികളുള്ള ഗംഭീരമായ പർവതങ്ങളുടെ അവിശ്വസീനമായ കാഴ്ചകൾ ആസ്വദിച്ചും ഒരു ട്രെക്കിങ്. സ്വപ്നം പോലെ തോന്നുമെങ്കിലും യുല്ല കാണ്ഡ ട്രെക്ക് സഞ്ചാരികൾക്ക് സമ്മാനിക്കുന്നത് അത്തരമൊരു അനുഭവമാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൃഷ്ണ ക്ഷേത്രമാണ് യുല്ല കാണ്ഡയിലേത്. 12,000 അടി മുകളിൽ സ്ഥിതിചെയ്യുന്ന ഇവിടുത്തെ തടാകത്തിൽ മുങ്ങിക്കുളിക്കുന്നത് മനസ്സിനെയും ശരീരത്തെയും എല്ലാ നിഷേധാത്മകതകളിൽ നിന്നും ശുദ്ധീകരിക്കുമെന്ന് പ്രദേശവാസികൾ വിശ്വസിക്കുന്നു. ജന്മാഷ്ടമി സമയത്ത് യുല്ല കാണ്ഡയിൽ ഒരു വാർഷിക മേള നടത്തപ്പെടുന്നു. എല്ലാ വർഷവും കൃഷ്ണന്റെ ജന്മദിനം ആഘോഷിക്കാൻ സമീപ ജില്ലകളിൽ നിന്നുള്ള ആളുകൾ വലിയ തോതിൽ ഇവിടെ ഒത്തുകൂടാരുണ്ട്. ചിലർ അടുത്തുള്ള പാംഗി, കൽപ ഗ്രാമങ്ങളിൽ നിന്ന് കഷാങ് ചുരത്തിലൂടെ (4,800 മീറ്റർ) യുല്ല കാണ്ഡയിലേക്ക് യാത്ര ചെയ്യുന്നു. ഭക്തർ തങ്ങളുടെ പാപങ്ങൾക്കും തെറ്റുകൾക്കും പ്രായശ്ചിത്തം ചെയ്യുന്നതിനായി തടാകത്തെ വലംവയ്ക്കുന്നു. തിരക്കേറിയ ഒരു തീർഥാടനകേന്ദ്രം കൂടിയാണിവിടം.
ട്രെക്കിങ് കുറച്ച് ബുദ്ധിമുട്ടേറിയതാണെങ്കിലും അധികം സമയമെടുക്കാതെ പൂർത്തിയാക്കാനാവുന്നതാണ്. ഓക്ക്, പൈൻ, ദേവദാരു മരങ്ങൾ എന്നിവയുടെ സമൃദ്ധമായ വനങ്ങളിലൂടെ കടന്നുവേണം പുൽമേടുകളിലേക്ക് പ്രവേശിക്കാൻ. കിന്നൗരി ആപ്പിളിനു പേരുകേട്ട ഒരു കുന്നിൻ മുകളിലെ ഗ്രാമമായ യുല്ലാ ഖാസിൽ നിന്നാണ് ശരിക്കും ട്രെക്ക് ആരംഭിക്കുന്നത്, ഇത് ബേസ് ക്യാംപിന് ഏറ്റവും അടുത്തുള്ള ഗ്രാമമായ ഉർനിയിൽ നിന്ന് 3 കിലോമീറ്റർ അകലെയാണ്. മൊത്തം 12 കിലോമീറ്ററാണ് യാത്ര ചെയ്യേണ്ട ദൂരം. ഷിംല വഴിയും ഇവിടെയെത്താം. യുല്ലാ ഖാസിൽ ഒറ്റരാത്രികൊണ്ട് എത്തി അവിടെ സ്റ്റേ ചെയ്ത്, അടുത്ത ദിവസം യുല്ല കാണ്ഡ തടാകത്തിലേക്ക് പോകുക. മേയ് പകുതി മുതൽ ഒക്‌ടോബർ പകുതി വരെയുള്ള സമയമാണ് യുല്ലാ കാണ്ഡ ട്രെക്കിങ്ങിന് ഏറ്റവും അനുയോജ്യമായ സമയം. മലനിരകളുടെയും താഴ്‌വരകളുടെയും അതിമനോഹരമായ കാഴ്ചകൾ കൂടാതെ, ഇവിടെ ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ട്. ചുറ്റിനടന്ന് പർവ്വത ഗ്രാമങ്ങൾ കണ്ടെത്തുക. ഇവിടുത്തെ ആപ്പിൾ ലോകപ്രശസ്തമാണ്. പ്രിയപ്പെട്ടവർക്കായി കുറച്ച് കിന്നൗർ ആപ്പിൾ വാങ്ങാം. 10,000 അടിയിൽ കൂടുതൽ ഉയരത്തിലാണ് ഇവ ഉത്പാദിപ്പിക്കുന്നത്.