മേപ്പാടി: ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കി കനത്ത കോടമഞ്ഞും. ഇരുട്ടാവുന്നതും രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഒട്ടനവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ദുരന്തസ്ഥലത്ത് ഇനിയും ഒട്ടേറെപേരെ കണ്ടെത്താനുണ്ട്. കണ്ടെത്തിയ മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാനായിട്ടില്ല. ഇതുവരെ 34 പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് തിരിച്ചറിയാനായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ചൂരല്‍മലയില്‍ താത്കാലിക പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. സൈന്യവും കേരള ഫയര്‍ ഫോഴ്സും സംയുക്തമായാണ് പാലം നിര്‍മ്മിച്ചത്. ചൂരല്‍മലയേയും മുണ്ടക്കൈയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ് നിര്‍മ്മിച്ചത്. പാലം നിര്‍മ്മാണം പൂര്‍ത്തിയായതോടെ രക്ഷാപ്രവര്‍ത്തനം വേഗമാര്‍ജിച്ചു. കുടുങ്ങിക്കിടക്കുന്ന മറ്റുള്ളവരെ സൈന്യം പ്രത്യേകം നിർമിച്ച പാലത്തിലൂടെ പുറത്തേക്ക് എത്തിക്കുന്നുണ്ട്.
ഉരുൾപൊട്ടൽ നടന്ന് മണിക്കൂറുകൾക്ക് ശേഷം സൈന്യവും എൻഡിആർഎഫും അടങ്ങുന്ന ദൗത്യസംഘം പുഴകടന്ന് മുണ്ടക്കൈയിലേക്ക് എത്തിയിരുന്നു. ദുരന്ത ഭൂമിയിൽ കുടുങ്ങിയ നൂറോളം പേരെ മുണ്ടക്കൈയിൽ കണ്ടെത്തി. ഇവരെ വടംകെട്ടി പുഴയ്ക്ക് മുകളിലൂടെ രക്ഷപ്പെടുത്താനാണ് ശ്രമം നടത്തിയിരുന്നു.
കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സ് (ഡിഎസ്സി) സെന്ററില്‍ നിന്ന് 200 സൈനികരുള്ള ഇന്ത്യന്‍ ആര്‍മിയുടെ രണ്ട് വിഭാഗങ്ങൾ വയനാട്ടിലേക്ക് എത്തിയിട്ടുണ്ട്. കണ്ണൂരിലെ സൈനിക ആശുപത്രിയില്‍നിന്നുള്ള മെഡിക്കല്‍ സംഘവും കോഴിക്കോട് നിന്നുള്ള ടെറിട്ടോറിയല്‍ ആര്‍മിയുടെ സേനയേയും വയനാട്ടിലേക്ക് വിന്യസിച്ചിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഉരുള്‍പൊട്ടലില്‍ കുടുങ്ങിയ 250 ഓളംപേരെ രക്ഷപ്പെടുത്തുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥനപ്രകാരമാണ് സൈനിക വിന്യാസമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
നേരത്തെ വ്യോമസേനയുടെ ഹെലികോപ്ടർ എത്തി പരിക്കേറ്റവരെയും അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവരെയും എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പ്രതികൂല കാലാവസ്ഥക്കിടയിൽ സാഹസികമായാണ് ചൂരൽമലയിൽ ഹെലികോപ്ടർ ലാൻഡ് ചെയ്തത്.