Environment

മത്സ്യകന്യകകളുടെ കണ്ണുനീര്‍; എന്താണ് കടൽ ജീവികളെ കൊല്ലാക്കൊല ചെയ്യുന്ന “നഡില്‍സ് ” | our-oceans-are-full-of-nurdles-and-they-re-not-as-cute-as-they-sound

ഇന്നു ഭൂമിയിലെ സമുദ്രങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് നഡില്‍സ്. പ്ലാസ്റ്റിക് വ്യവസായത്തിന്‍റെ മുഖ്യ അസംസ്കൃതവസ്തുക്കളാണ് നഡില്‍സുകള്‍. മത്സ്യകന്യകകളുടെ കണ്ണുനീര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഇവ വിരലറ്റത്തിന്‍റെ മാത്രം വലിപ്പമുള്ള ചെറിയ പ്ലാസ്റ്റിക് കഷ്ണങ്ങളാണ്. സമുദ്രത്തിലെ ആവാസവ്യവസ്ഥയുടെ അടിസ്ഥാനമായ ഫൈറ്റോപ്ലാങ്ക്തണുകള്‍ എന്ന ഏകകോശ ജീവികള്‍ മുതല്‍ തിമിംഗലങ്ങളുടെ വരെ നിലനില്‍പ്പിനെ ബാധിക്കുന്ന രീതിയിലേക്കിന്നു വ്യാപിച്ചിരിക്കുകയാണ് നര്‍ഡിൽസുകള്‍. 1 മില്ലിമീറ്റര്‍ മുതല്‍ 5 മില്ലി മീറ്റര്‍ വരെ വലിപ്പമുള്ള ചെറിയ പെല്ലറ്റുകളായാണ് ഇവ കാണപ്പെടുക. സൗന്ദര്യവര്‍ധക വസ്തുക്കളില്‍ ഉപയോഗിക്കുന്ന മൈക്രോബെഡിനൊപ്പം മൈക്രോപ്ലാസ്റ്റിക് വിഭാഗത്തിലാണ് നഡില്‍സുകളെയും ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഇത്ര ചെറിയ വസ്തുക്കളായതിനാല്‍ തന്നെ ഇവ കാറ്റത്തും മഴവെള്ളത്തിലുമെല്ലാം വേഗത്തില്‍ സഞ്ചരിക്കുകയും ഒടുവില്‍ സമുദ്രങ്ങള്‍ ഉള്‍പ്പടെയുള്ള വലിയ ജലാശയങ്ങളില്‍ എത്തിച്ചേരുകയും ചെയ്യും. ഇന്നു സമുദ്രത്തില്‍ കാണപ്പെടുന്ന ഏറ്റവും വ്യാപകമായ മലിനവസ്തുക്കളാണ് ഈ മൈക്രോപ്ലാസ്റ്റിക്കുകള്‍.വെള്ളക്കുപ്പികള്‍ മുതല്‍ ടെലിവിഷന്‍ സെറ്റുകള്‍വരെ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത് ഈ നഡില്‍സുകളാണ്. എന്നാല്‍ ഇത്തരം ഉൽപന്നങ്ങളുടെ രൂപത്തില്‍ നമ്മുടെയെല്ലാം വീടുകളില്‍ എത്തുന്നതിനു പുറമെ സമുദ്രത്തിലേക്കും അതുവഴി സമുദ്രജീവികളുടെ ആമാശയത്തിലേക്കും ഇവ എത്തിച്ചേരുന്നു എന്നതാണ് സങ്കടകരം. വലുപ്പക്കുറവാണ് പ്ലാസ്റ്റിക് വസ്തുക്കള്‍ നിര്‍മ്മിക്കുന്നവരുടെ പ്രിയപ്പെട്ട അസംസ്കൃത വസ്തുക്കളാക്കി നര്‍ഡില്‍സിനെ മാറ്റുന്നത്. എത്ര കുറഞ്ഞ അളവിലും കൂടിയ അളവിലും ഇവയെ കൊണ്ടുപോകുന്നതിനും ഏതു രൂപത്തിലേക്കു മാറ്റുന്നതിനും പ്രയാസം നേരിടേണ്ടി വരില്ല.

അതേസമയം ഇതേ വലുപ്പക്കുറവ് തന്നെയാണ് ഏറ്റവു ഭീകരമായ മലിനവസ്തുക്കളാക്കി നഡില്‍സുകളെ മാറ്റുന്നതും. മറ്റ് രൂപത്തിലുള്ള പ്ലാസ്റ്റിക്കുകളില്‍നിന്നു വ്യത്യസ്തമായി ഇവയെ വേര്‍തിരിച്ചെടുക്കുക അത്യന്തം പ്രയാസകരമായ ദൗത്യമാണ്. ഒരു പക്ഷേ ഏറെക്കുറെ അസാധ്യവും. ധാരാളമായി ലഭ്യമാണെന്നതിനാല്‍ തന്നെ ഒട്ടും ശ്രദ്ധയില്ലാതെയാണ് ഇവ കൈകാര്യം ചെയ്യുന്നതും. ഇതുമൂലം ശതകോടിയിലധികം പ്ലാസ്റ്റിക് പെല്ലറ്റുകളാണ് സമുദ്രത്തിലേക്കെത്തിച്ചേരുന്നത്.സമുദ്രജീവികളില്‍ ഈ പ്ലാസ്റ്റിക് പെല്ലറ്റുകളേല്‍പ്പിക്കുന്ന ആഘാതം കണക്കിലെടുത്താണ് മത്സ്യകന്യകയുടെ കണ്ണുനീര്‍ എന്ന അപരനാമം ഇവയ്ക്കു ലഭിച്ചത്. ഇന്നു ഭൂമിയിലെ ആർടിക്കും അന്‍റാര്‍ടിക്കും ഉള്‍പ്പടെയുള്ള സമുദ്രമേഖലകളില്‍ ഇവയുടെ സാന്നിധ്യമുണ്ട്. ഒപ്പം ലക്ഷക്കണക്കിനു ജീവികൾക്കാണ് ഈ പ്ലാസ്റ്റിക് വസ്തുക്കള്‍ മൂലം വര്‍ഷം തോറും ജീവൻ നഷ്ടപ്പെടുന്നത്. ഇത്തരം വസ്തുക്കള്‍ വിഴുങ്ങി ആമാശയം അടയുകയും ഇതോടെ വിശപ്പറിയാതെ പട്ടിണി കിടന്നു ജീവികള്‍ ചാകുകയുമാണ് ചെയ്യുക. ചെറുജീവികളാണെന്നും മീന്‍മുട്ടകളാണെന്നും മറ്റും ധരിച്ചാണ് ഇവയെ പല ജീവികളും ഭക്ഷണമാക്കുന്നത്.

നഡില്‍സുകള്‍ കൂട്ടത്തോട കാണപ്പെടുന്ന മേഖല സൂക്ഷ്മജീവികളുടെ പ്രിയപ്പെട്ട സ്ഥലമാണ്. ഇത്തരം സൂക്ഷ്മജീവികളില്‍ മനുഷ്യര്‍ക്കു ഹാനികരമായവയും പെടും. യൂറോപ്പിലെ പല ബീച്ചുകളിലും തീരത്തോടു ചേര്‍ന്നു കാണപ്പെട്ട നഡില്‍സ് കൂട്ടത്തില്‍ ഇ കോളി ഉള്‍പ്പടെയുള്ള ബാക്ടീരിയകളുടെ സാന്നിധ്യം അതീവ അപകടകരമായ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഒപ്പം ഇവ കെട്ടി കിടക്കുന്ന ബീച്ചുകളില്‍ നീന്തുന്നവരിലും ഇവ വൃത്തിയാക്കാനെത്തുന്നവരിലും ശരീരത്തില്‍ ചൊറിച്ചില്‍പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാകുന്നതായും കണ്ടെത്തിയിട്ടുണ്. നഡില്‍സുകളെ “വേട്ടയാടി പിടിക്കുക” എന്നതാണ് ഇന്ന് പരിസ്ഥിതി സംരക്ഷണ സംഘടനകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. സ്കോട്‌ലന്‍ഡ് അസ്ഥാനമായ ഫിഡ്ര, മറൈന്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റി തുടങ്ങിയവ ഈ ദൗത്യവുമായി ഇന്നു രംഗത്തുണ്ട്. മറ്റ് പല സംഘടനകളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഇവർ നടത്തുന്ന നഡില്‍സുകളെ കണ്ടെത്തുന്ന പദ്ധതിക്ക് ഗ്രേറ്റ് നഡില്‍ ഹണ്ടിങ് എന്നാണ് പേരു നല്‍കിയിരിക്കുന്നത്. ഈ പ്ലാസ്റ്റിക് പെല്ലറ്റുകളുടെ കൂട്ടങ്ങള്‍ കണ്ടെത്തി അവ ശേഖരിക്കുക എന്നതിനൊപ്പം ഇവ കടലിലേക്ക് ഇനി എത്താതെ തടയുക എന്നതും ഇത്തരം സംഘടനകളുടെ ലക്ഷ്യങ്ങളിലൊന്നാണ്.

നഡില്‍സുകള്‍ കടലിലേക്കെത്തുന്ന സ്രോതസ്സുകള്‍ കണ്ടെത്തുക എന്നതാണ് ദൗത്യങ്ങളില്‍ ഒന്ന്. ഇതോടൊപ്പം ആഗോളതലത്തില്‍ തന്നെ സമുദ്രത്തില്‍ ഇത്തരം പ്ലാസ്റ്റിക് നര്‍ഡിലുകള്‍ വ്യാപകമായി കാണപ്പെടുന്ന സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കാനും നിരവധി പേര്‍ രംഗത്തുണ്ട്. ലോകത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നുള്ള വ്യക്തികളാണ് ഇത്തരം സ്ഥലങ്ങള്‍ കണ്ടെത്തിയ പട്ടിക തയ്യാറാക്കാന്‍ സഹായിക്കുന്നത്. തുടര്‍ന്ന് എല്ലാ വര്‍ഷവും ഫെബ്രുവരിയില്‍ പത്തു ദിവസം ഈ മേഖലകളിലെല്ലാം വിവിധ സംഘടനകള്‍ നഡില്‍സ് വൃത്തിയാക്കല്‍ നടത്തും. ആയിരക്കണക്കിനാളുകളാണ് ഓരോ പ്രദേശത്തും ഈ ബൃഹത്തായ ഉദ്യമത്തില്‍ പങ്കാളികളാകുന്നത്. 2012 മുതല്‍ ഇതുവരെ 1610 ബീച്ചുകളിലാണ് ഇത്തരത്തില്‍ നഡില്‍സ് വൃത്തിയാക്കല്‍ യജ്ഞം നടത്തിയത്. ഇത്തവണ ആറ് വന്‍കരകളില്‍ നിന്നായുള്ള 18 രാജ്യങ്ങളിലെ 62 സംഘടനകളാണ് നഡില്‍സ് വൃത്തിയാക്കലില്‍ പങ്കെടുത്തത്. പക്ഷെ ഇത്തരം വൃത്തിയാക്കല്‍ ഉദ്യമങ്ങള്‍ കൊണ്ടു സമുദ്രത്തിലെ ചെറിയൊരളവ് നഡില്‍സുകളെ മാത്രമെ പുറത്തെടുക്കാനാകൂ. നടുക്കടലിലും മറ്റുമുള്ള നഡില്‍സുകളാണ് ഏറ്റവുമധികം നാശനഷ്ടം സമുദ്രത്തിലെ ജൈവവ്യവസ്ഥയ്ക്കു സൃഷ്ടിക്കുന്നത്. ഇവ കണ്ടെത്തിയ വൃത്തിയാക്കുക എന്നത് നിലവില്‍ പ്രാവര്‍ത്തികവുമല്ല. അതുകൊണ്ട് തന്നെയാണ് കൂടുതല്‍ നഡില്‍സുകള്‍ കടലുകളിലേക്കെത്തുന്നത് തടയാനുള്ള ശ്രമത്തില്‍ എന്‍ജിഒകള്‍ ഏര്‍പ്പെട്ടിരിക്കുന്നതും.