തിരുവനന്തപുരം: എയര്‍ ഗണ്‍ ഉപയോഗിച്ച് യുവതിയെ വെടിവെച്ച കേസില്‍ പ്രതി അറസ്റ്റില്‍. കൊല്ലം സ്വദേശിയായ ഡോ. ദീപ്തിയെ ആണ് വഞ്ചിയൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കൊല്ലത്ത് ജോലി ചെയ്യുന്ന ആശുപത്രിയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഷിനിയുടെ ഭർത്താവുമായുള്ള പ്രശ്നമാണ് വെടിവയ്പ്പിന് കാരണമെന്നാണ് വിവരം. ഓൺലൈൻ വഴി വാങ്ങിയ തോക്ക് ഉപയോഗിച്ചാണ് പ്രതി ആക്രമണം നടത്തിയത്.
രണ്ടുദിവസം മുമ്പാണ് തിരുവനന്തപുരം വഞ്ചിയൂര്‍ വില്ലേജിലെ വള്ളക്കടവ് പങ്കജ് എന്ന വീട്ടില്‍ ഷിനിയെന്ന യുവതിയെ ദീപ്തി എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ചത്. കൊറിയര്‍ നല്‍കാനുണ്ട് എന്ന വ്യാജേനെ എത്തിയാണ് ഷിനിയെ ആക്രമിച്ചത്. കൊറിയർ കൈപ്പറ്റിയെന്ന് ഒപ്പിടണമെന്ന് ഷിനിയോട് ആവശ്യപ്പെടുകയും ഷിനി പേനയെടുക്കാനായി തിരിഞ്ഞപ്പോൾ എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയുമായിരുന്നു. കൈ കൊണ്ട് പെട്ടെന്ന് തടുക്കാന്‍ ശ്രമിച്ചതിനാല്‍ ഷിനിയുടെ കൈയ്ക്കാണ് വെടിയേറ്റത്. കേന്ദ്രസര്‍ക്കാരിന്റെ എന്‍.ആര്‍.എച്ച്.എം. ജീവനക്കാരിയാണ് ഷിനി.
ഒരു സിൽവർ നിറത്തിലുള്ള സെലേറിയോ കാറിലാണ് ദീപ്തി എത്തിയത്. വ്യാജ നമ്പറായിരുന്നു കാറിൻ്റേത്. പറണ്ടോട് സ്വദേശിയുടെ സ്വിഫിറ്റ് കാറിൻ്റെ നമ്പറായിരുന്നു ഇത്. ഈ സ്വഫിറ്റ് കാർ മാസങ്ങള്‍ക്ക് മുമ്പേ കോഴിക്കോടുള്ള ഒരാള്‍ക്ക് വിറ്റിരുന്നുവെന്നും പൊലിസ് അന്വേഷണത്തിൽ വ്യക്തമായി. ഷിനിയുടെ കൈക്കേറ്റ പരിക്ക് സാരമുള്ളതായിരുന്നില്ല. ഇവര്‍ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു.
പിന്നീട് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ആക്രമണത്തിന് പിന്നിൽ ദീപ്തിയാണെന്ന് വ്യക്തമായത്. പിന്നാലെ കൊല്ലത്ത് എത്തിയ പൊലീസ് ഇന്ന് വൈകിട്ടോടെ ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.