കല്‍പറ്റ: കോണ്‍ഗ്രസ് നേതാവും വയനാട് മുന്‍ എം.പിയുമായ രാഹുല്‍ ഗാന്ധി ബുധനാഴ്ച വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ബാധിത മേഖല സന്ദര്‍ശിക്കും. ഡല്‍ഹിയില്‍ നിന്ന് മൈസൂരിലേക്ക് പ്രത്യേക വിമാനത്തിലെത്തുന്ന രാഹുല്‍ ഉച്ചയോടെ മേപ്പാടിയിലെത്തുമെന്നാണ് വിവരം.
മേപ്പാടിയിലെ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, സെന്റ് ജോസഫ് യു.പി സ്‌കൂള്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചതിന് ശേഷം വിംസ് ആശുപത്രിയിലും സന്ദര്‍ശനം നടത്തും. ഉച്ചയ്ക്ക് 2.30ന് മേപ്പാടിയിൽ നിന്ന് തിരിച്ച് മൈസൂരിലെത്തുന്ന രാഹുൽ ഗാന്ധി വൈകുന്നേരത്തോടെ ഡൽഹിയിലേക്കും തിരിക്കും.
ഉരുൾപൊട്ടലിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായും വയനാട് ജില്ലാ കളക്ടറുമായും രാഹുൽ ഫോണിൽ സംസാരിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിന് ആവിശ്യമായ എല്ലാ അടിയന്തര സഹായവും എത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. വയനാട്ടിൽ ഉണ്ടായ ദുരന്തത്തിന് അനുശോചനം അറിയിച്ച അദ്ദേഹം വയനാട്ടിൽ അടിയന്തര ഇടപെടലിന് കേന്ദ്രമന്ത്രിമാരോട് സംസാരിക്കുമെന്നും രക്ഷാപ്രവർത്തനത്തിൽ യുഡിഎഫ് പ്രവർത്തകർ നേരിട്ട് ഇറങ്ങണമെന്നും അദ്ദേഹം എക്സിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ളയും വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ദുരന്തത്തില്‍പെട്ടവരുടെ രക്ഷാപ്രവര്‍ത്തനത്തിലും പുനരധിവാസത്തിലും പങ്കാളികളാകാനുള്ള സന്നദ്ധത ഗോവ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉറപ്പുനല്‍കിയിട്ടുണ്ട്. സര്‍വ്വസ്വവും നഷ്ടപ്പെട്ട നൂറുകണക്കിന് ആളുകളുടെ ദുഃഖത്തില്‍ ഗോവയും പങ്കുചേരുകയാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.