കൊല്ലം: അഞ്ചല്‍ ഏരൂരില്‍ കോണ്‍ഗ്രസ് നേതാവ് രാമഭദ്രനെ (44) വീട്ടില്‍ കയറി ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്കു ശിക്ഷ വിധിച്ച് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി. കേസില്‍ അഞ്ചാം പ്രതി ഷിബു, ആറാം പ്രതി വിമല്‍, ഏഴാം പ്രതി സുധീഷ്, എട്ടാം പ്രതി ഷാന്‍, 9-ാം പ്രതി രതീഷ്, 10-ാം പ്രതി ബിജു, 11-ാം പ്രതി രഞ്ജിത്ത് എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. പ്രതികള്‍ക്ക് എല്ലാവര്ക്കും കൂടി 56 ലക്ഷം രൂപയുടെ പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. സിബിഐ പ്രത്യേക കോടതി ജഡ്ജി കെ.എസ്.രാജീവ് ആണ് വിധി പറഞ്ഞത്.
ഒന്നാം പ്രതി ഗിരീഷ് കുമാര്‍, മൂന്നാം പ്രതി അഫ്സല്, നാലാം പ്രതി നജുമല്‍ ഹുസൈന്, 12-ാം പ്രതി സാലി എന്ന കൊച്ചുണ്ണി 13-ാം പ്രതി റിയാസ് എന്ന മുനീര്‍ എന്നിവര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. 16, 17 പ്രതികളായ സുമന്, സിപിഎം ജില്ലാ കമ്മറ്റി അംഗം ബാബു പണിക്കര്‍ എന്നിവര്‍ക്ക് മൂന്നു വര്‍ഷം തടവും രണ്ടു ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
ഐ.എൻ.ടി.യു.സി കൊല്ലം ഏരൂർ മണ്ഡലം വൈസ് പ്രസിഡൻറായിരുന്ന രാമഭദ്രനെ 2010 ഏപ്രിൽ 10-നാണ് വീട്ടിനുള്ളിൽ കയറി സി.പി.എം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ വൈരാഗ്യമായിരുന്നു കൊലപാതകത്തിന് കാരണം. കേസിലെ ഒന്നാംപ്രതിയും സി.പി.എം പ്രവർത്തകനായിരുന്ന ഗിരീഷ് കുമാറും പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ഗിരീഷിനെ ചിലർ മർദിച്ചതിന് പ്രതികാരമായി രാമഭദ്രനെ സി.പി.എം പ്രവർത്തകർ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാനും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എസ് ജയമോഹൻ അടക്കം നാല് പ്രതികളെ കോടതി വെറുതെവിട്ടു. ജയമോഹൻ, റിയാസ്, മുൻമന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ മുൻ പേഴ്സണൽ സ്റ്റാഫംഗം മാർക്സൺ യേശുദാസ്, റോയിക്കുട്ടി എന്നിവരെയാണ് വെറുതെവിട്ടത്. 19 പേരായിരുന്നു കേസിലെ പ്രതികൾ. ഇതിൽ രണ്ടുപേർ മാപ്പു സാക്ഷികളായി. ഒരാൾ മരിച്ചു.