സ്വദേശിവത്കരണ നിയമം ലംഘിച്ച സ്വകാര്യ കമ്പനിക്ക് ഒരു കോടി ദിർഹം പിഴ. അബൂദബി മിസ്ഡിമിനർ കോടതിയാണ് 113 പൗരന്മാരെ നിയമിച്ചതായി കാണിച്ച കമ്പനിക്ക് പിഴ ചുമത്തിയത്. എമിറേറ്റൈസേഷൻ ലക്ഷ്യം പൂർത്തിയാക്കാനായി യഥാർഥമല്ലാത്ത പദവികളിൽ നിയമനം നടത്തിയതായാണ് കമ്പനി കാണിച്ചത്.
നിയമലംഘകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് കനത്ത പിഴ ചുമത്തിയിരിക്കുന്നത്. മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം കമ്പനിയുടെ എമിറേറ്റൈസേഷൻ നടപടിക്രമങ്ങളിലെ ഗുരുതരമായ ലംഘനങ്ങൾ നിരീക്ഷിച്ചു വരുകയായിരുന്നു.
തുടർന്ന്, നിയമലംഘനം അന്വേഷിക്കാൻ മന്ത്രാലയം അബൂദബി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു.
ഈ അന്വേഷണത്തിൽ കമ്പനി ജീവനക്കാർക്ക് വർക്ക് പെർമിറ്റ് നൽകുകയും ജോലിയില്ലാത്ത ഇവരെ കമ്പനിയുടെ കീഴിൽ രജിസ്റ്റർ ചെയ്തതായും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ അബൂദബി പബ്ലിക് പ്രോസിക്യൂഷൻ നിയമലംഘനം നടത്തിയ കമ്പനിയെ കോടതിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. തുടർന്ന് കോടതി കമ്പനി കുറ്റക്കാരെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.