തൃശൂര്‍: ഒമ്പതു വയസുള്ള ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മധ്യവയസ്കനെ കുന്നംകുളം പോക്സോ കോടതി നാല് ജീവപര്യന്തം തടവിനും നാല് ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പിഴ സംഖ്യയില്‍നിന്ന് മൂന്ന് ലക്ഷം രൂപ ഇരയ്ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. പുന്നയൂര്‍ക്കുളം പരൂര് ഏഴികോട്ടയില്‍ വീട്ടില്‍ ജമാലുദ്ദീനെ (52) യാണ് കുന്നംകുളം പോക്സോ കോടതി ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത്.
2023 മാര്‍ച്ചില്‍ ആണ്‍കുട്ടിയുടെ വീട്ടില്‍ പലതവണ വന്ന പ്രതി, കുട്ടിയെ തുടര്‍ച്ചയായി ലൈംഗിക പീഡനത്തിന് വിധേയമാക്കുകയായിരുന്നു. കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിന് തുടര്‍ന്ന് രക്ഷിതാക്കള്‍ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച് ചികിത്സ നടത്തി. തുടര്‍ന്ന് ആശുപത്രിയില്‍നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ വടക്കേക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി വന്നത്.
കേസിന്റെ വിചാരണ നടന്നുവരവെ പ്രതി മറ്റൊരു കുട്ടിയെ പീഡിപ്പിക്കുകയും, ഈ സംഭവത്തിൽ കുന്നംകുളം പോലീസ് പ്രതിക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നുള്ള വിവരവും കോടതി ഉത്തരവില്‍ പരാമര്‍ശിക്കുന്നുണ്ട്. പ്രതി യാതൊരു കാരണവശാലും ദയ അര്‍ഹിക്കുന്നില്ലെന്ന നിഗമനത്തിലാണ് നാല് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.