Kerala

ഉരുൾപൊട്ടൽ: ഇന്നത്തെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു, നാളെ രാവിലെ പുനരാരംഭിക്കും

കൽപ്പറ്റ: മുണ്ടക്കൈ മേപ്പാടിയിൽ ഇന്നത്തെ രക്ഷാപ്രവർത്തനം നിർത്തി. നാളെ പുലർച്ചെ ദൗത്യം പുനരാരംഭിക്കും. 800ഓളം പേരെ ഇന്ന് രക്ഷപ്പെടുത്തി. ഉരുൾപൊട്ടലിൽ ഇതുവരെ 126 പേർ മരിച്ചതായാണ് വിവരം. സംസ്ഥാനം കണ്ടതിൽ വച്ച് ഏറ്റവും വലിയ മലയിടിച്ചിൽ ദുരന്തമാണ് ഇന്ന് വയനാട്ടിലുണ്ടായത്.

കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോറിന്റെ (ഡി.എസ്.സി) ഭാഗമായ സൈനികരും അഗ്നിശമന സേനയും ചേർന്നാണ് ചൂരല്‍മലയില്‍ ചൊവ്വാഴ്ച വൈകീട്ടോടെ താൽക്കാലിക പാലം നിര്‍മിച്ചത്. ചൂരല്‍മലയേയും മുണ്ടക്കൈയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഏകയാത്രാ മാർഗമായിരുന്ന പാലവും റോഡും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയിരുന്നു.

മുണ്ടക്കൈയിൽ നൂറിലധികം പേർ കുടുങ്ങി കിടക്കുന്നുണ്ടായിരുന്നു. താൽകാലിക പാലം നിർമിച്ചതോടെ രക്ഷാപ്രവർത്തനം വേഗത്തിലാകുമെന്നാണ് കരുതുന്നത്. പരിക്കേറ്റ നൂറോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. അതീവ ദുഷ്‌കരമായ ലാന്‍ഡിങ് നടത്തി വ്യോമസേനയുടെ ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി. അടിയന്തര ചികിത്സ ആവശ്യമുള്ളവരെയാണ് എയര്‍ഫോഴ്‌സിന്റെ ഹെലികോപ്റ്ററില്‍ എയര്‍ലിഫ്റ്റ് ചെയ്തത്.

നിരവധിപേര്‍ ദുരന്തമേഖലയില്‍ ഇനിയും കുടുങ്ങിയിട്ടുണ്ടെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. പരിക്കേറ്റ നൂറിലധികം പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്.

ആദ്യഘട്ടത്തിൽ എന്‍.ഡി.ആര്‍.എഫ് ടീമിന് മാത്രമാണ് മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്താന്‍ കഴിഞ്ഞത്. ഉരുള്‍പൊട്ടലുണ്ടായ ഭാഗത്ത് കൂടി രക്ഷാപ്രവര്‍ത്തകര്‍ കൂറെ ദൂരം പിന്നിട്ടെങ്കിലും കനത്ത ഒഴുക്കും പ്രതികൂലമായ കാലാവസ്ഥയും കാരണം അങ്ങോട്ടേക്ക് എത്താന്‍ കഴിഞ്ഞില്ല. രാവിലെ മുതല്‍ ഹെലികോപ്ടര്‍ വഴി എയര്‍ലിഫ്ടിങ്ങ് ശ്രമം ആസൂത്രണം ചെയ്‌തെങ്കിലും പ്രതികൂലമായ കാലാവസ്ഥ തടസ്സമായി. പിന്നീട് വൈകീട്ടോടെയാണ് ഹെലികോപ്ടര്‍ നിരീക്ഷണം തുടങ്ങിയത്.

നാളെ അതിരാവിലെ മുതൽ തിരുവനന്തപുരത്ത് നിന്നുള്ള രണ്ട് കോളം സൈനിക സംഘം സ്ഥലത്ത് രക്ഷാപ്രവർത്തനം തുടങ്ങും. കാണാതായവർക്കായി ചുരൽമല മുതൽ പോത്തുകൽ വരെ പുഴയിലും അന്വേഷണം നടത്തും. കർണാടക-കേരള സബ് ഏരിയ കമാന്റർ മേജർ ജനറൽ വി.ടി മാത്യു വയനാട്ടിലേക്ക് നാളെരാവിലെ തിരിക്കും. ഉന്നത സൈനികോദ്യോഗസ്ഥർ വയനാട്ടിലെ കൺട്രോൾ റൂമിന്റെ ചുമതല നേരിട്ടേറ്റെടുക്കും.