കൽപ്പറ്റ: പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധിയും നാളെ വയനാട്ടിലെത്തില്ല. പ്രതികൂല കാലാവസ്ഥയായതിനാൽ മുണ്ടക്കൈയിലെ ദുരന്തഭൂമിയിലേക്ക് എത്തിച്ചേരാനാവില്ലെന്ന് അധികൃതർ അറിയിച്ചതോടെയാണ് സന്ദർശനം മാറ്റിവെച്ചതായി രാഹുൽ ഗാന്ധി അറിയിച്ചത്. എക്സിലൂടെയാണ് യാത്ര മാറ്റിവെച്ച വിവരം അറിയിച്ചത്.
ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ കാണാനും സ്ഥിതിഗതികൾ വിലയിരുത്താനും ഞാനും പ്രിയങ്കയും നാളെ വയനാട് സന്ദർശിക്കാനിരിക്കുകയായിരുന്നു. എന്നാൽ, ഇടതടവില്ലാതെ പെയ്യുന്ന മഴയും പ്രതികൂല കാലാവസ്ഥയും കാരണം ഞങ്ങൾക്ക് അവിടെ ഇറങ്ങാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചിരിക്കുകയാണ്.
എത്രയും വേഗം ഞങ്ങൾക്ക് അവിടെയെത്തുമെന്നും വയനാട്ടിലെ ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു. ഞങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ആവശ്യമായ എല്ലാ സഹായവും നൽകുകയും ചെയ്യുന്നുണ്ട്. ഈ വിഷമഘട്ടത്തിൽ മനസ് വയനാട്ടിലെ ജനങ്ങൾക്കൊപ്പമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. സാഹചര്യം അനുകൂലമായാൽ അപ്പോൾ തന്നെ വയനാട്ടിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വയനാട് ചൂരൽമലയിലെ ദുരന്തത്തിൽ 126 പേർ മരിച്ചു. മരിച്ചവരിൽ 75 പേരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. 36 പുരുഷന്മാരുടേയും 39 സ്ത്രീകളുടേയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഇന്നത്തെ രക്ഷാപ്രവർത്തനം താത്ക്കാലികമായി അവസാനിപ്പിച്ചു. മുഴുവൻ സേനാംഗങ്ങളും ദുരന്തഭൂമിയിൽ നിന്ന് മടങ്ങുകയാണ്. നാളെ പുലർച്ചെ ദൗത്യം വീണ്ടും പുനരാരംഭിക്കും. 800ൽ അധികം പേരെ മുണ്ടക്കൈയിൽ നിന്ന് രക്ഷിച്ചതായി രക്ഷാപ്രവർത്തകർ അറിയിച്ചു. കുടുങ്ങിക്കിടന്ന മുഴുവൻ പേരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. 3069 പേർ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്.