വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ സ്ഥിരീകരിച്ചത് 126 മരണം. ഇതിൽ പലരെയും തിരിച്ചറിയാനായിട്ടില്ല. 130ൽ അധികം ആളുകൾ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 45 ദുരിതാശ്വാസ കാമ്പുകളിലായി 3069 പേർ കഴിയുന്നുണ്ട്.
സൈന്യവും ഫയർ ഫോഴ്‌സും ചേർന്ന് നിർമിച്ച താത്കാലിക പാലം വഴിയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. കുടുങ്ങിക്കിടക്കുന്നവരെ ഇക്കരെ എത്തിക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നത്. മഴക്ക് ശമനം വന്നതിനാൽ രാവിലെ തന്നെ കൂടുതൽ ആളുകളെ രക്ഷപ്പെടുത്താനാവുമെന്നാണ് പ്രതീക്ഷ. വ്യോമസേനയുടെ ഹെലികോപ്റ്റർ വഴിയാണ് ആളുകളെ പുറത്തെത്തിക്കുന്നത്.
കിലോമീറ്ററുകൾക്ക് ഇപ്പുറം ചാലിയാറിൽനിന്നും നിലമ്പൂർ പോത്തുകൽ മുണ്ടേരി ഭാഗത്തുനിന്നുമാണ് നിരവധി മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവിടെയും തിരച്ചിൽ തുടരും. 116 മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ട് പൂർത്തീകരിച്ചെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
















