തിരുവനന്തപുരം: തീവ്രമഴയ്ക്കു സാധ്യതയുള്ളതിനാൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ടുമുണ്ട്.
കുറഞ്ഞ സമയം കൊണ്ടുള്ള വലിയ മഴ മൂലം മലവെള്ളപ്പാച്ചലിനും മിന്നൽപ്രളയങ്ങൾക്കും സാധ്യതയുണ്ട്. ഉരുൾപൊട്ടൽ–മണ്ണിടിച്ചിൽ ഭീഷണിയുള്ള സ്ഥലങ്ങളിൽനിന്നു മാറിത്താമസിക്കണം. നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടു രൂപപ്പെടാം. വടക്കൻ കേരളം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദപ്പാത്തി സ്ഥിതി ചെയ്യുന്നതിനാൽ അടുത്ത 4 ദിവസം കൂടി വ്യാപകമായ മഴയ്ക്കു സാധ്യതയുണ്ട്. ഇന്ന് മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശിയേക്കും. ഇന്നു രാത്രി 11.30 വരെ കേരള തീരത്ത് 2.1 – 2.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കു സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണകേന്ദ്രം അറിയിച്ചു.
ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി എറണാകുളം, ഇടുക്കി ,തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. ഉയർന്ന തിരമാലക്കും കടലാക്രമണത്തിനുള്ള സാധ്യത മുൻനിർത്തി കേരള, ലക്ഷദ്വീപ് ,കർണാടക തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. കനത്ത മഴയുടെ പശ്ചാത്തലത്തിൽ കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചു.