Kerala

തിരുവനന്തപുരത്ത് യുവതിക്ക് നേരെ വെടിവെപ്പ്; പ്രതി വനിതാ ഡോക്ടർ, പിടിയിൽ | Woman shot at in Thiruvananthapuram; Accused female doctor, arrested

തിരുവനന്തപുരം: കുറിയർ നൽകാനെന്ന വ്യാജേന മുഖം മറച്ച് വഞ്ചിയൂരിലെ വീട്ടിലെത്തി നാഷനൽ ഹെൽത്ത് മിഷൻ ഉദ്യോഗസ്ഥ ഷിനിയെ എയർ പിസ്റ്റൾ കൊണ്ട് വെടിവച്ചു പരുക്കേൽപിച്ച കേസിലെ പ്രതി ഡോ.ദീപ്തിമോൾ ജോസ് (37) പിടിയിലായി. ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. അറസ്റ്റിലായ ദീപ്തിയെ ചോദ്യം ചെയ്യൽ തുടരുകയാണ്.

കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ പൾമനോളജിസ്റ്റായ ദീപ്തിയെ ജോലി ചെയ്യുന്ന ആശുപത്രിയിൽ നിന്ന് ഇന്നലെ ഉച്ചയോടെയാണ് പിടികൂടിയത്. ഇവരുടെ ഭർത്താവും ഡോക്ടറാണ്. ആക്രമണം നടത്തിയ ശേഷം ദീപ്തി രക്ഷപ്പെട്ട കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ദീപ്തിയെ വൈകിട്ട് ആറുമണിയോടെ കമ്മിഷണർ ഓഫിസിൽ എത്തിച്ചു രാത്രി വൈകിയും ചോദ്യം ചെയ്തു.

ഷിനിക്ക് പാഴ്സൽ നൽകാനെന്ന വ്യാജേനയാണ് ദീപ്തിയെത്തിയത്. കൈയിൽ കരുതിയിരുന്ന എയർഗൺ ഉപയോഗിച്ച് മൂന്ന് തവണയാണ് ഡോക്ടർ വെടിയുതിർത്തത്. ഇത് തടയാൻ ശ്രമിക്കവെയാണ് ഷിനിയുടെ കൈവെള്ളയിൽ വെടിയേറ്റത്. ഷിനിയുടെ കൈവിരലിലാണ് പെല്ലറ്റ് തുളഞ്ഞുകയറിയത്. തലയും മുഖവും മറച്ചാണ് പ്രതി വീട്ടുമുറ്റത്തേക്ക് കടന്നതും അക്രമം നടത്തിയതും. അതിനാൽ വീട്ടിലുള്ളവർക്കും പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഷിനിയുമായി മുൻവൈരാഗ്യമുള്ള വ്യക്തികളുണ്ടോ എന്നതടക്കം പൊലീസ് പരിശോധിച്ചിരുന്നു. ദീപ്തിയെത്തിയ കാറിന്‍റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയെങ്കിലും വ്യാജ നമ്പറാണെന്ന് തെളിഞ്ഞിരുന്നു. തുടർന്നാണ് മുൻവൈരാഗ്യമുള്ളവരെ കേ​ന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്.

അക്രമിക്കാനെത്തിയ ദീപ്തിയുടെ കാറിന്റെ ദൃശ്യം ഷിനിയുടെ വീടുള്ള റസിഡൻഷ്യൽ ഏരിയയിലെ ഒരു സിസിടിവി ദൃശ്യത്തിൽ മാത്രമാണ് പതിഞ്ഞത്.കാറിൽ പതിപ്പിച്ചിരുന്ന നമ്പർ പ്ലേറ്റ് കേന്ദ്രീകരിച്ച് പരി​ശോധന നടത്തിയപ്പോഴാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. ആര്യനാട് സ്വദേശിയായ ഒരു വ്യക്തിയുടെ സ്വിഫ്റ്റ് കാറിന്‍റെ നമ്പറാണ് ദീപ്തിയുടെ കാറിൽ പതിപ്പിച്ചിരുന്നത്. തുടർന്നാണ് അന്വേഷണം വ്യാപിപ്പിച്ചത്.