Kerala

തിരച്ചില്‍ പുനരാരംഭിച്ചു; നാലു സംഘങ്ങളായി 150 രക്ഷാപ്രവർത്തകർ; കാലാവസ്ഥ അനുകൂലമെങ്കിൽ ഹെലികോപ്റ്റർ എത്തിക്കും | The search resumed; 150 rescue workers in four teams; A helicopter will deliver if the weather permits

മേപ്പാടി: വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുനരാരംഭിച്ചു. നാലു സംഘങ്ങളായി 150 രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലേക്ക് പുറപ്പെട്ടു. സൈന്യം, എൻഡിആർഎഫ്, അഗ്നിരക്ഷാസേന, ആരോഗ്യപ്രവർത്തകർ എന്നിവരുടെ സംഘങ്ങളാണ് ദൗത്യത്തിനു നേതൃത്വം നൽകുന്നത്. ഇവർക്കൊപ്പം പൊലീസ്, വനംവകുപ്പ്, സന്നദ്ധസംഘടനകള്‍, നാട്ടുകാര്‍ എന്നിവരുമുണ്ട്. കാലാവസ്ഥ അനുകൂലമെങ്കിൽ ഹെലികോപ്റ്ററും എത്തിക്കും.

നാടിനെ നടുക്കിയ ദുരന്തത്തില്‍ 135 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. 48 മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞത്. മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികൾ ഒഴിവാക്കില്ല. എത്രയും വേഗം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ വിട്ടുനൽകാനാണ് ശ്രമം. സംസ്കാരം ഒന്നിച്ചു നടത്തണോ എന്ന കാര്യത്തിൽ തീരുമാനമായില്ല. 98 പേരെ കാണാതായിട്ടുണ്ട്. നിലമ്പൂരിലെ ചാലിയാർ പുഴയിലും തിരച്ചിൽ തുടരും. മുണ്ടക്കൈ ഭാഗത്ത് അന്‍പതിലധികം വീടുകള്‍ തകര്‍ന്നിട്ടുണ്ട്. നിരവധിയാളുകള്‍ കുടുങ്ങിക്കിടക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. 45 ദുരിതാശ്വാസ ക്യാംപുകളിലായി 3,069 പേരെ മാറ്റിപ്പാര്‍പ്പിച്ചു.