വയനാട് ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി മുഖ്യമന്ത്രി സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയില്‍ രാവിലെ മുതല്‍ സജീവമായി. അതോറിറ്റി ആസ്ഥാനത്തു വെച്ചുതന്നെ അവലോകന യോഗവും വിളിച്ചു. രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന വിവിധ വിഭാഗങ്ങളുടെ ചുമതലയിലുള്ളവര്‍ ഓണ്‍ലൈനായി പങ്കെടുക്കുന്നുണ്ട്. സ്ഥിതിഗതികളെ കുറിച്ച് വ്യക്തമായ ചിത്രം മുഖ്യമന്ത്രിക്കു നല്‍കുന്നതിനു വേണ്ടിയാണ് അവലോകന യോഗം ചേരുന്നത്. മാത്രമല്ല, ഏതെങ്കിലും ഭാഗത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ സുഷ്‌ക്കാന്തി കുറവുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ കൂടിയാണ് മുഖ്യമന്ത്രിയുടെ ഈ ഇടപെടല്‍.
ദുരന്ത മുഖത്ത് മന്ത്രിമാരുടെ സംഘം ഉണ്ടെങ്കിലും എല്ലാത്തിനും മുകളില്‍ മുഖ്യമന്ത്രിയുടെ മേല്‍നോട്ടമുണ്ടെന്നത്, രക്ഷാ പ്രവര്‍ത്തനത്തിന് കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നുണ്ട്. അതേസമയം, ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ച മരണ സംഖ്യ 123 ആണ്. ഇതില്‍ 75 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. എല്ലാ മൃതദേഹങ്ങളും പോസ്റ്റ്‌മോര്‍ട്ടം ചെയ്യുകയും നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലുമാണ് ഇന്നലെ പുലര്‍ച്ചെ ഉരുള്‍പൊ1ട്ടലുണ്ടായത്. അനൗദ്യോഗിക കണക്കു പ്രകാരം മരണം 150 കഴിഞ്ഞുവെന്നാണ്.
മരിച്ചവരില്‍ 91 പേരുടെ മൃതദേഹങ്ങള്‍ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 32 മൃതദേഹങ്ങള്‍ നിലമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലുമായിരുന്നു. മലപ്പുറത്ത് നിന്നുള്ള മൃതദേഹങ്ങള്‍ വയനാട്ടില്‍ എത്തിച്ച ശേഷം എല്ലാ മൃതദേഹങ്ങളും മേപ്പാടിയിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. ദുരന്തത്തെ തുടര്‍ന്ന് ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ നിലവില്‍ 99 പേരാണ് അഞ്ചു ക്യാമ്പുകളിലായി ഉള്ളത്. വയനാട്-98 പേരും മലപ്പുറത്ത് ഒരാളുമാണുള്ളത്. ആകെ 195 പേരാണ് ആശുപത്രികളില്‍ എത്തിയത്. ഇതില്‍ 190 പേര്‍ വയനാട്ടിലും 5 പേര്‍ മലപ്പുറത്തുമായിരുന്നു.
വയനാട്ടില്‍ എത്തിയ 190 പേരില്‍ 133 പേര്‍ വിംസിലും 28 പേര്‍ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 24 പേര്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും 5 പേര്‍ വൈത്തിരി താലൂക് ആശുപത്രിയിലും എത്തി. നിലവില്‍ 97 പേര്‍ വയനാട്, മലപ്പുറം ജില്ലകളിലായി ചികിത്സയിലുണ്ട്. ഇതില്‍ 92 പേരും വയനാട്ടിലാണ്.
ഇതിനെല്ലാം പറമേ എത്രപേരെ കാണാതായിട്ടുണ്ടെന്നുള്ള കണക്കുകള്‍ വ്യക്തമല്ലാതെ തുടരുകയാണ്. രക്ഷപ്പെട്ടവര്‍ പറയുന്ന ബന്ധുക്കളുടെയും ഉറ്റവരുടെയും അവസ്ഥകള്‍ എന്താണെന്ന് ഇതുവരെയും വ്യക്തത വരുത്താന്‍ സാധിച്ചിട്ടില്ല. ഇന്നലെ ഏരെ വൈകി നടന്ന സൈനികരുടെ രക്ഷാ പ്രവര്‍ത്തനത്തില്‍ നിരവധി പേരെ രക്ഷപ്പെടുത്തി ക്യാമ്പുകളിലും ആസുപത്രികളിലും എത്തിച്ചിരുന്നു. ഇന്ന് വൈകിട്ട് മുഖ്യമന്ത്രി നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ
content highlights; Wayanad disaster: Review meeting begins; Chief Minister Disaster Management Authority office